ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 7100 കവിഞ്ഞതായി റിപ്പോര്‍ട്ട്. നവംബറില്‍ മാത്രം 5600 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
നവംബര്‍ 15ന് ഡല്‍ഹിയില്‍ 5277 കേസുകള്‍ രേഖപ്പെടുത്തി. 2015ന് ശേഷം ഒരു വര്‍ഷത്തിനിടെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ അണുബാധയാണിത്. തലസ്ഥാനത്ത് കഴിഞ്ഞയാഴ്ച കുറഞ്ഞത് 1850 പുതിയ കേസുകളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 20 വരെ 7128 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
1996ന് ശേഷം 2015 ഒക്ടോബറിലായിരുന്നു കേസുകള്‍ ഏറ്റവും കൂടുതല്‍. അന്ന് 10,600 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശൈത്യകാലം അടുക്കുന്നതോടെ ഡെങ്കിപ്പനി കുറയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.”അനോഫിലിസ്, ഈഡിസ് ഈജിപ്തി കൊതുകുകള്‍ 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലുള്ള താപനിലയിലാണ് കൂടുതലായും ഉണ്ടാകുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോള്‍ അവയ്ക്ക് തുറസ്സായ സ്ഥലത്ത് സജീവമാകാന്‍ സാധിക്കുകയില്ല. പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഇവയ്ക്ക് ജീവിക്കാനും പറ്റില്ല.” ഉദ്യോഗസ്ഥര്‍ പറയുന്നു.
ആശുപത്രികളില്‍ ഡെങ്കിപ്പനിയുമായി എത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരും അറിയിച്ചിരിക്കുന്നത്. ആഴ്ചയില്‍ 70-80 വരെ രോഗികള്‍ എത്തിയിരുന്നിടത്ത് നിലവില്‍ പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ഡെങ്കിപ്പനിയുമായി എത്തുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.