മേട്ടൂര്‍: കുപ്രസിദ്ധ കൊള്ളക്കാരനായിരുന്ന ‘വീരപ്പന്’ അഥവാ കൂസു മുനിസ്വാമി വീരപ്പന്റെ പതിനാലാം ചരമവാര്‍ഷികമാണ് നാളെ. 2004 ഒക്ടോബര്‍ 18ന് പിടികിട്ടാപ്പുളളിയായ വീരപ്പനെ പോലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
വീരപ്പന്റെ ജീവിതസഖിയായ മുത്തുലക്ഷ്മി ‘മണ്‍കാക്കും വീര തമിഴര്‍ പേരവൈ’ എന്ന സംഘടന സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. കുടിവെള്ളം ഉള്‍പ്പെടെ ഗ്രാമത്തിലെ പ്രശ്നങ്ങളില്‍ ഇടപെട്ട് പരിഹാരത്തിനു ശ്രമിക്കുന്ന സംഘടനയാണ് മണ്‍കാക്കും വീര തമിഴര്‍ പേരവൈ.
ആരും പട്ടിണി കിടക്കരുതെന്ന വീരപ്പന്റെ സ്വപ്നം നടപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മുത്തുലക്ഷ്മി പറയുന്നു. വീരപ്പന്റെ തന്റെ മുപ്പത്തൊമ്പതാമത്തെ വയസിലാണ് മുത്തുലക്ഷ്മിയെ വിവാഹം കഴിക്കുന്നത്.
28 വര്‍ഷം മുമ്പ് അന്ന് 16-ാം വയസ്സാണ് മുത്തുലക്ഷ്മിക്ക്. കല്യാണം കഴിഞ്ഞ ഉടന്‍ കാട്ടിലേക്ക്. നാലുവര്‍ഷം കാനനവാസം. പിന്നെ പോലീസിനെ ഭയന്ന് ജീവിതം.
ധര്‍മപുരിയിലെ പപ്പരപ്പട്ടിയില് പ്രത്യേക ദൗത്യസേന പോലീസ് മേധാവി കെ വിജയകുമാറിന്റെ നേതൃത്വത്തില്‍ വീരപ്പനെയും മൂന്ന് അനുയായികളെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ മുത്തുലക്ഷ്മി നിഷേധിക്കുന്നു.
അന്ന് കൊണ്ടുപോയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി പിടികൂടി വീരപ്പനെ കൊലപ്പെടുത്തിയെന്നാണ് അവര്‍ പറയുന്നത്. ഭര്‍ത്താവ് ചെയ്ത മനുഷ്യക്കൊലകളെ ന്യായീകരിക്കുന്നില്ലെങ്കിലും അതെല്ലാം ജനങ്ങള്‍ക്കു വേണ്ടിയായിരുന്നെന്നാണ് മുത്തുലക്ഷ്മി പറയുന്നത്.
എല്ലാ ചരമവാര്‍ഷികത്തിലും മൂളക്കാടിലെ പഞ്ചായത്ത് ശ്മശാനത്തില്‍ വീരപ്പനെ സംസ്കരിച്ച സ്ഥലത്തെത്തി കര്‍മങ്ങള്‍ ചെയ്യാറുണ്ട്.
വീരപ്പന്റെ മൃതദേഹം സംസ്കരിച്ച മൂളക്കാടില് നിന്ന് ആറേഴു കിലോമീറ്റര്‍ അകലെയുളള ചേച്ചിയുടെ മകളുടെ വീട്ടിലാണ് മുത്തുലക്ഷ്മിയുടെ താമസം. വീരപ്പന്റെ രണ്ടു പെണ്മക്കളുടെയും വിവാഹം കഴിഞ്ഞു. ഇവര്‍ ചെന്നൈയിലും സേലത്തുമാണ് താമസിക്കുന്നത്.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, അനധികൃത വേട്ട, കള്ളക്കടത്ത് തുടങ്ങിയവയായിരുന്നു വീരപ്പനെതിരെയുളള ക്രിമിനല്‍ കുറ്റാരോപണങ്ങള്‍.
നടന് രാജ്കുമാറിനെ 18 വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനടക്കമുള്ള ഒമ്പതു പ്രതികളെയും വെറുതെ വിട്ടുകൊണ്ടുളള കോടതി വിധി കഴിഞ്ഞമാസം വന്നിരുന്നു.
Discussion about this post