ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചനകള്‍ ശക്തമാകുന്നു. തൃണമൂല്‍ നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി അടുത്തയാഴ്ച ഡല്‍ഹിയിലെത്തുമ്പോള്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, വരുണ്‍ പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ഇരുപാര്‍ട്ടികളും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ മമത അടുത്തയാഴ്ച നടത്തുന്ന ഡല്‍ഹി സന്ദര്‍ശനം നിര്‍ണായകമാകുമെന്നാണ് കരുതപ്പെടുന്നത്. ഡല്‍ഹിയില്‍ നിരവധി സുപ്രധാന പ്രഖ്യാപനങ്ങള്‍ മമത നടത്തുമെന്ന് തൃണൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബിജെപി എംപിയായി ഇരുന്ന് കൊണ്ട് തന്നെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് വരുണ്‍ ഗാന്ധി എംപി.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ ഒഴിവാക്കിയിരുന്നു.
സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായേക്കുമെന്ന് മറ്റ് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വിവാദമായ മൂന്ന് കൃഷി നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയോട് നാലിന ആവശ്യങ്ങളുയര്‍ത്തി ബിജെപി എംപി വരുണ്‍ ഗാന്ധി കത്ത് നല്‍കിയിരുന്നു. നേരത്തെ തീരുമാനമെടുത്തിരുന്നെങ്കില്‍ 700ലധികം കര്‍ഷകര്‍ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിച്ച അദ്ദേഹം, സമരത്തിനിടെ മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post