ന്യൂഡല്‍ഹി: ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒരിഞ്ച് ഭൂമി പോലും കയ്യേറാന്‍ ആരേയും അനുവദിക്കില്ല. പ്രകോപനത്തിന് ശ്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ്.
ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച ചടങ്ങിലാണ് രാജ്‌നാഥ് സിങ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യ ആരുടെ ഭൂമിയും അതിക്രമിച്ച് കൈവശംവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
എന്നാല്‍ ഒരിഞ്ച് മണ്ണും വിട്ടുകൊടുക്കില്ല. പ്രകോപനങ്ങള്‍ക്ക് തക്ക മറുപടി നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് താക്കീത് നല്‍കി. 1962ലെ ഇന്ത്യ ചൈന യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ പേരുകള്‍ക്കൊപ്പം 2020ല്‍ ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചവരുടെയും പേരുകള്‍ ചേര്‍ത്താണ് റെസാങ് ലാ സ്മാരകം നവീകരിച്ചത്. 1962ലെ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ ആര്‍വി ജതറിനെ മന്ത്രി തന്നെ വീല്‍ചെയറില്‍ എത്തിച്ച് ആദരിച്ചു.
അതിര്‍ത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിര്‍ത്തി നിയമത്തില്‍ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്റെ മറവില്‍ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നുവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്. ഈ വിഷയത്തിലുള്ള നിലപാടും യോഗത്തില്‍ മുന്‍പോട്ട് വച്ചേക്കുമെന്നാണ് സൂചന.
ഇതിനിടെ ദോക്ലാമില്‍ ഭൂട്ടാന്റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയ്യേറി ചൈന നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു.