ന്യൂഡല്‍ഹി : വായു മലിനീകരണം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച നോയിഡയിലെ ആദ്യ സ്‌മോഗ് ടവര്‍ പ്രവര്‍ത്തനക്ഷമമായി. 20 മീറ്റര്‍ ഉയരമുള്ള ആന്റി സ്‌മോഗ് ടവര്‍ ഒരു ചതുരശ്ര കിലോമീറ്റര്‍ കവര്‍ ചെയ്യും.
ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം ലഘൂകരിക്കാന്‍ സ്‌മോഗ് ടവര്‍ സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.വായു മലിനീകരണം അപകടകരമായ രീതിയില്‍ എത്തിയിട്ടുണ്ടെന്നും ഇത് ശുദ്ധീകരിക്കേണ്ടത് അടിയന്തരമായി ചെയ്യേണ്ടതാണെന്നും നോയിഡ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വളരെ പരിതാപകരം എന്ന നിലയിലാണ് നോയിഡയില്‍ നിലവില്‍ അന്തരീക്ഷ മലിനീകരണം.
സ്‌മോഗ് ടവര്‍ വിജയകരമാവുകയാണെങ്കില്‍ നോയിഡയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇവ നിര്‍മിക്കുമെന്ന് നോയിഡ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റിതു മഹേശ്വരി അറിയിച്ചു. ടവറിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പ്രതിവര്‍ഷം 37 ലക്ഷം രൂപ മാറ്റി വയ്ക്കാനാണ് അധികൃതരുടെ തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങള്‍(പിഎസ്‌യു) വഴി സ്വരൂപിച്ച സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ടവര്‍ നിര്‍മിച്ചത്. പദ്ധതിയ്ക്ക് 2.5കോടി രൂപ ചിലവായി.
അന്തരീക്ഷത്തിലെ മലിന വായു വലിച്ചെടുത്ത് ശുദ്ധീകരിച്ച് പുറത്തേക്ക് വിടുകയാണ് സ്‌മോഗ് ടവറുകള്‍ ചെയ്യുന്നത്. നിലവില്‍ വൈദ്യുതി ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം. ഭാവിയില്‍ സോളാര്‍ എനര്‍ജി ഉപയോഗിച്ച് ടവര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.