ന്യൂഡല്‍ഹി : വസ്ത്രത്തിന് പുറത്ത് കൂടി തൊടുന്നത് ലൈംഗികപീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. ലൈംഗിക ഉദ്ദേശത്തോടെ തൊടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്നറിയിച്ച കോടതി ഉത്തരവിന്റെ ആനുകൂല്യത്തില്‍ ലഭിച്ച പ്രതിയുടെ ജാമ്യവും റദ്ദാക്കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയ പീഡിപ്പിച്ച കേസിലാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിവാദ ഉത്തരവിട്ടത്. ശരീരത്തില്‍ നേരിട്ടല്ലാതെ വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
ലൈംഗികമായി പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വന്നതെന്ന് പ്രോസിക്യൂഷന്‍ പറയുന്നതിന് തെളിവില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല പറഞ്ഞത്. ലൈംഗിക ഉദ്ദേശത്തോടെ ശാരീരിക ബന്ധം ഉണ്ടായെന്നത് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് പ്രതിക്ക് ജാമ്യം നല്‍കിയത്.
ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയാണ് സുപ്രീംകോടതി ഉത്തരവ് റദ്ദാക്കിയത്. നിയമങ്ങളിലെ പഴുതുകള്‍ കുറ്റവാളികള്‍ക്ക് രക്ഷപെടാനുള്ള വഴിയായി മാറരുതെന്നറിയിച്ച സുപ്രീംകോടതി ശരീരസ്പര്‍ശം എന്നത് വസ്ത്രത്തിലൂടെയല്ലാതെ എന്ന് വിവരിക്കുന്നത് പോക്‌സോ നിയമത്തിനെ തന്നെ ചോദ്യം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.ഇത്തരം വ്യാഖ്യാനങ്ങള്‍ സ്വീകരിച്ചാല്‍ കയ്യുറകള്‍ ഉപയോഗിച്ച് പീഡിപ്പിക്കുന്ന പ്രതി കുറ്റത്തില്‍ നിന്ന് രക്ഷപെടില്ലേയെന്നും കോടതി ചോദിച്ചു.