‘ഒറ്റയ്ക്ക് നിന്നാലും ശരിക്ക് വേണ്ടി നില്‍ക്കുക’: സൂര്യക്കൊപ്പമെന്ന് തമിഴ് സിനിമാലോകം; സൂര്യയുടെ വീടിന് പോലീസ് കാവല്‍

ചെന്നൈ: ജയ് ഭീം ചിത്രത്തിനും നടന്‍ സൂര്യക്കുമെതിരായ വണ്ണിയാര്‍ സമുദായത്തിന്റെ ഭീഷണിയില്‍ താരത്തിന് പിന്തുണയുമായി തമിഴ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത്.
നടന്‍മാരായ പ്രകാശ് രാജ്, സിദ്ധാര്‍ത്ഥ്, സത്യരാജ്, സംവിധായകരായ വെട്രിമാരന്‍, പാ രഞ്ജിത്ത്, ലോകേഷ് കനകരാജ്, വെങ്കട്ട് പ്രഭു, സിഎസ് അമൂദന്‍ എന്നിവരാണ് സുര്യക്ക് പിന്തുണയുമായി പരസ്യമായി രംഗത്തുവന്നത്.

ശരിയായ കാര്യം ചെയ്തതിന് ആരെയും താഴ്ത്തിക്കെട്ടാന്‍ കഴിയില്ലെന്ന് പറഞ്ഞ വെട്രിമാരന്‍ താരപദവിയെ പുനര്‍നിര്‍വചിക്കുന്ന താരമാണ് സൂര്യയെന്നും പ്രശംസിച്ചു. നിലവിലെ സ്ഥിതി മാറാന്‍ ആഗ്രഹിക്കാത്തവരില്‍ ഈ സിനിമകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്.

ഒരു സമൂഹത്തിലെ അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകള്‍ സാമൂഹിക നീതിയിലേക്കുള്ള ആയുധങ്ങളാണ്. ഇരകളുടെ ദുരിതം ലോകത്തെ അറിയിക്കാന്‍ ഈ സിനിമ പുറത്തിറക്കാനുള്ള സംവിധായകന്‍ ടിജെ ജ്ഞാനവേലിന്റെ പ്രതിബദ്ധതയും സ്‌ക്രീനിലും പുറത്തും സാമൂഹിക അനീതിക്കെതിരെയുള്ള സൂര്യയുടെ നിരന്തര ശ്രമങ്ങളും ശരിക്കും പ്രചോദനകരമാണെന്നും വെട്രിമാരന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.


നടന്‍ സൂര്യയുടെ ധൈര്യവും ധീരതയും അദ്ദേഹത്തിന്റെ താരമൂല്യം പുതിയ തലത്തിലെത്തിക്കുന്നുവെന്ന് പ്രകാശ് രാജ് പറഞ്ഞു. #WeStandWithSuriya എന്ന ഹാഷ് ടാഗും പ്രകാശ് രാജ് ആവര്‍ത്തിച്ചു.

‘#ജയ്ഭീം # ഞങ്ങള്‍ സൂര്യക്കൊപ്പം നില്‍ക്കുന്നു’, ഹാഷ് ടാഗുകള്‍ പങ്കുവെച്ച് പാ രഞ്ജിത്ത് പ്രതികരിച്ചു. വെട്രിമാരന്റെ ട്വീറ്റ് പങ്കുവെച്ച് സൂര്യക്കൊപ്പമാണെന്ന ഹാഷ് ടാഗുകള്‍ പങ്കുവെച്ചാണ് ലോകേഷ് കനകരാജ് നിലപാട് വ്യക്തമാക്കിയത്.


‘ഒറ്റയ്ക്ക് നിന്നാലും ശരിക്ക് വേണ്ടി നില്‍ക്കുക’, എന്ന് വെങ്കട്ട് പ്രഭു സൂര്യക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പങ്കുവെച്ചു പ്രതികരിച്ചു.


അതേസമയം, വണ്ണിയാര്‍ സമുദായത്തിന്റെ ഭീഷണികളെ തുടര്‍ന്ന് സൂര്യയുടെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സൂര്യയുടെ ചെന്നൈയിലെ വീടിനാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. താരത്തിനെതിരെ നിരവധി ഭീഷണികള്‍ ഉയര്‍ന്നിരുന്നു.

വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. സിനിമ വണ്ണിയാര്‍ സമുദായത്തിന്റെ യശ്ശസിന് മങ്ങലേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.


നവംബര്‍ 14ന് ഒരു സംഘം പട്ടാളി മക്കല്‍ കക്ഷി(പി.എം.കെ) പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടിലെ തിയറ്ററിലേക്ക് ഇരച്ചുകയറി സുര്യ സിനിമയുടെ പ്രദര്‍ശനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. സൂര്യയെ ആക്രമിക്കുന്നവര്‍ക്ക് പിഎംകെ മയിലാടുദുരൈ ജില്ലാ സെക്രട്ടറി പന്നീര്‍ശെല്‍വം ഒരു ലക്ഷം സമ്മാനവും പ്രഖ്യാപിച്ചിരുന്നു.

Exit mobile version