ന്യൂഡല്‍ഹി : ജനാധിപത്യം എന്നത് ഇന്ത്യക്ക് വെറും വ്യവസ്ഥിതി അല്ലെന്നും നമ്മുടെ പ്രകൃതത്തിലും ജീവിതത്തിലും ഇഴുകിച്ചേര്‍ന്നിരിക്കുന്ന സ്വാഭാവിക പ്രവണതയാണതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. 82ാമത് ഓള് ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്സ് കോണ്‍ഫറന്‍സ് ഓണ്‍ലൈന്‍ മുഖാന്തരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനാധിപത്യം എന്നത് ഇന്ത്യയുടെ സ്വാഭാവിക പ്രവണതയാണ്. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണമെങ്കില്‍ എല്ലാവരെയും ചേര്‍ത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണ്.”
“ഒന്നിച്ച് നിന്നാല്‍ എന്തും നേരിടാം എന്നുള്ളതിന്റെ തെളിവാണ് കോവിഡ് പ്രതിരോധത്തില്‍ നമ്മള് കണ്ടത്. ഇന്ത്യ 110 കോടി വാക്സീന് ഡോസുകള്‍ എന്ന നേട്ടം കൈവരിച്ചത് എല്ലാവരുടെയും സമൂഹ പ്രയത്നം കൊണ്ടാണ്. ഇത്തരത്തില്‍ ഒന്നിച്ച് നിന്നാല്‍ എല്ലാ പ്രതിസന്ധികളെയും നമുക്ക് തരണം ചെയ്യാന്‍ കഴിയും.”
“ആരോഗ്യപരമായ ചര്‍ച്ചകള്‍ക്കായി പ്രത്യേകം സമയം മാറ്റി വയ്ക്കണം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പരസ്പരം ഉന്നയിക്കുന്നതിന് പകരം ഗൗരവകരവും മാന്യതയുള്ളതുമാകണം ഇത്തരം ചര്‍ച്ചകള്‍. ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായിരിക്കണം സഭാസാമാജികരുടെ പെരുമാറ്റം.” മോഡി പറഞ്ഞു.
ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് ഹരിവംശ് നാരായണ്‍ സിംഗ് തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
Discussion about this post