ഭോപാൽ: ഇതരജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവ് മകളെ ബലാത്സംഗം ചെയ്ത് കൊന്നു. മധ്യപ്രദേശിലെ ഭോപാലിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭോപാലിലെ സമാസ്ഘട്ടിലെ വനമേഖലയിൽ നിന്നും കഴിഞ്ഞദിവസം യുവതിയുടെയും എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞത്. പിന്നീട് പ്രതി യുവതിയുടെ 55കാരനായ അച്ഛനാണെന്നും തെളിയുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരുവർഷം മുമ്പാണ് യുവതി വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഇതരജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിനുശേഷം യുവതി സ്വന്തം വീട്ടിലേക്ക് വന്നിരുന്നില്ല. പിന്നീട് ഇക്കഴിഞ്ഞ ദീപാവലി ദിവസം യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും രത്തിബാദിലെ മൂത്തസഹോദരിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെവെച്ച് അസുഖം കാരണം കുഞ്ഞ് മരിച്ചു.
കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് യുവതിയുടെ പിതാവും സഹോദരനും മൂത്തമകളുടെ വീട്ടിലെത്തി. കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നടത്താമെന്ന് പറഞ്ഞ് പിതാവ് മകളെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇവിടെവെച്ച് പ്രണയവിവാഹത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടു. തുടർന്ന് 55-കാരൻ മകളെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരിച്ച കുഞ്ഞിന്റെ മൃതദേഹം ഇയാൾ വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു.
പിന്നീട് ദിവസങ്ങൾക്ക് ശേഷമാണ് വനമേഖലയിൽ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വികൃതമാക്കിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ബന്ധുക്കളെ ചോദ്യംചെയ്തതോടെയാണ് പ്രണയവിവാഹത്തെ ചൊല്ലി കലഹം ഉണ്ടായിരുന്നതായി വ്യക്തമായത്. തുടർന്ന് യുവതിയുടെ പിതാവിനെ വിശദമായി ചോദ്യംചെയ്തതോടെ ഇയാൾ പോലീസിനോട് കുറ്റംസമ്മതിക്കുകയായിരുന്നു.
Discussion about this post