ന്യൂഡല്‍ഹി : നിലവിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക് അതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യരുതെന്ന് പൗരന്മാര്ക്ക് നിര്‍ദേശം നല്കി അമേരിക്ക. തിങ്കളാഴ്ച പുറത്തിറക്കിയ ലെവല്‍ ത്രീ ട്രാവല്‍ അഡ്വൈസറി പ്രകാരമാണ് നിര്‍ദേശം.
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അതിവേഗം വര്‍ധിക്കുന്നുവെന്നും വിദേശ സഞ്ചാരികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ലഭിച്ചതായാണ് നിര്‍ദേശത്തില്‍ പറയുന്നത്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലേക്കും പൗരന്മാര്ക്ക് യാത്ര ചെയ്യുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം ജമ്മു കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ രണ്ട് വ്യവസായികള്‍ കൊല്ലപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇന്നലെ ശ്രീനഗറില്‍ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് വ്യവസായികള്‍ ഉള്‍പ്പടെ നാല് പേരാണ് കൊല്ലപ്പെട്ടത്.
ഡോ.മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വ്യവസായികള്‍. ഇവര്‍ ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഏറ്റുമുട്ടല്‍ നടന്ന ഹൈദര്‍പോറയിലെ വാണിജ്യ സമുച്ചയത്തില്‍ കടകളുണ്ടായിരുന്നു എന്നും ഇവിടെ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post