യഥാര്‍ഥ സെങ്കിനിയെ ചേര്‍ത്ത് പിടിച്ച് സൂര്യ: പാര്‍വതി അമ്മാളിന് 10 ലക്ഷം രൂപ സഹായം നല്‍കി

ചെന്നൈ: സൂര്യ നായകനായ ‘ജയ് ഭീം’ സിനിമ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ലിജോമോള്‍ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാര്‍വതി അമ്മാളിന്റെ ജീവിതമാണ്.

പാര്‍വതി അമ്മാളിന് സഹായമായി 10 ലക്ഷം രൂപ നല്‍കിയിരിക്കുകയാണ് നടന്‍ സൂര്യ. പാര്‍വതി അമ്മാളിന് സഹായം നല്‍കുമെന്ന് സൂര്യയുടെയും ജ്യോതികയുടെയും നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റ് പ്രഖ്യാപിച്ചിരുന്നു.

10 ലക്ഷം രൂപ പാര്‍വതി അമ്മാളിന്റെ പേരില്‍ സ്ഥിരനിക്ഷേപമായാണ് നല്‍കിയത്. മാസംതോറും ഇതിന്റെ പലിശ പാര്‍വതി അമ്മാളിന് ലഭ്യമാക്കുമെന്നും തുക ഇവരുടെ കുടുംബത്തിന് ഉപയോഗപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും സൂര്യ പ്രസ്താവനയില്‍ അറിയിച്ചു.

മകളോടൊപ്പമാണ് പാര്‍വതി അമ്മാള്‍ ഇപ്പോള്‍ താമസിക്കുന്നത്. മകളും ഭര്‍ത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാന്‍ പോലുമിടമില്ലാത്ത കൊച്ചുകൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാര്‍വ്വതി അമ്മാളിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് നടന്‍ രാഘവ ലോറന്‍സും പ്രഖ്യാപിച്ചിരുന്നു.


കടലൂര്‍ കമ്മാപുരത്തെ രാജാകണ്ണിനെ ലോക്കപ്പ് മര്‍ദനത്തില്‍ കൊലപ്പെടുത്തിയതും തുടര്‍ന്ന് അന്ന് അഭിഭാഷകനായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്റെ നിയമപോരാട്ടത്തിനൊടുവില്‍ പ്രതികളായ പോലീസുകാരെ ശിക്ഷിച്ചതുമായ സംഭവമാണ് ടിഎസ് ജ്ഞാനവേല്‍ ജയ് ഭീം എന്ന പേരില്‍ സിനിമയാക്കിയത്. കൊല്ലപ്പെട്ട രാജാകണ്ണിന്റെ ഭാര്യയാണ് പാര്‍വതി അമ്മാള്‍. ഇവരുടെ നിശ്ചയദാര്‍ഢ്യമാണ് കേസില്‍ പ്രതികളെ ശിക്ഷിക്കാനിടയാക്കിയത്.

പാര്‍വതി അമ്മാളിന് സഹായം ലഭ്യമാക്കണമെന്ന് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചിരുന്നു. നേരത്തെ, തമിഴ്‌നാട്ടിലെ പാര്‍ശ്വവത്കൃത വിഭാഗമായ ഇരുളരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി സൂര്യ ഒരു കോടി രൂപ ട്രസ്റ്റിന് കൈമാറിയിരുന്നു.

Exit mobile version