അരാജകത്വം നിറയുന്നു, സോഷ്യല്‍ മീഡിയ നിരോധിക്കണം; ആവശ്യവുമായി ആര്‍എസ്എസ് ചിന്തകന്‍

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയ്ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആര്‍എസ്എസ് തത്വചിന്തകന്‍ എസ് ഗുരുമൂര്‍ത്തി. ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പരാമര്‍ശം. സോഷ്യല്‍ മീഡിയയില്‍ അരാജകത്വം നിറയുകയാണെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു. സമൂഹത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ സോഷ്യല്‍ മീഡിയ തടസമാണെന്നും ഗുരുമൂര്‍ത്തി ആരോപിക്കുന്നു.

ചൈന, സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലേ? ,സുപ്രീംകോടതി പോലും സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നമുക്ക് സോഷ്യല്‍ മീഡിയ നിരോധിക്കേണ്ടി വന്നേക്കാം. ഫേസ്ബുക്കില്ലാതെ നമ്മള്‍ നിലനിന്നില്ലേ?’ മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി വളര്‍ത്തുന്നതില്‍ സോഷ്യല്‍ മീഡിയയ്ക്ക് പങ്കുണ്ട്,’ ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

നിരോധനമെന്നത് കഠിനമായി തോന്നുമെങ്കിലും അരാജകത്വത്തെ ഇല്ലാതാക്കുക തന്നെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കിനെക്കുറിച്ച് സമഗ്രമായ ഡോക്യുമെന്റേഷന്‍ നടത്തണമെന്ന് അദ്ദേഹം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ‘നിങ്ങള്‍ക്ക് അരാജകത്വത്തെപ്പോലും വാഴ്ത്താന്‍ കഴിയും.. വിപ്ലവങ്ങളിലും കൂട്ടക്കൊലകളിലും ചില നന്മകളുണ്ട്. എന്നാല്‍ ത്യാഗങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു ചിട്ടയുള്ള സമൂഹത്തെ നിങ്ങള്‍ സൃഷ്ടിക്കുന്നത് അങ്ങനെയല്ല,’ ഗുരുമൂര്‍ത്തി ചോദിക്കുന്നു.

Exit mobile version