ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി ‘കര്‍ണാടക രത്ന’ പുരസ്കാരം നല്‍കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ട്വിറ്റിറിലൂടെയാണ് പുരസ്കാരം നല്കുന്ന വാര്‍ത്ത പങ്കുവെച്ചത്. കര്‍ണാടകയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമാണ് കര്‍ണാടക രത്ന.
‘കര്‍ണാടക സര്‍ക്കാര്‍ പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കര്‍ണാടക രത്ന പുരസ്കാരം നല്കാന് തീരുമാനിച്ചിരിക്കുന്നു,’ എന്ന് ബൊമ്മൈ ട്വീറ്റ് ചെയ്തു. ഇതുവരെ 10 പേര്‍ക്ക് മാത്രമാണ് കര്‍ണാടക രത്ന പുരസ്കാരം ലഭ്യമായിട്ടുള്ളത്. കഴിഞ്ഞമാസമായിരുന്നു പുനീത് രാജ്കുമാര് ഹൃദയാഘാതത്തെ തുടര്‍ന്ന് ലോകത്തോട് വിടപറഞ്ഞത്. അഭിനയത്തോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമായിരുന്നു.
1800ഓളം വിദ്യാര്‍ത്ഥികളുടെ പഠനചെലവ് താരം നേരിട്ട് ഏറ്റെടുത്ത് നടത്തിയിരുന്നു. അതോടൊപ്പം തന്നെ സ്കൂളുകളും വയോജനങ്ങള്‍ക്കുള്ള അഗതി മന്ദിരങ്ങളും പുനീത് പണികഴിപ്പിച്ചിരുന്നു. പുനീത് രാജ്കുമാര് ജനങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. താരത്തിന്റെ വിയോഗം താങ്ങാനാകാതെ ആരാധകര്‍ ജീവനൊടുക്കിയിരുന്നു. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്.
Discussion about this post