അഹമ്മദാബാദ്: ഗുജറാത്തിലെ വൽസാദിൽ ഈമാസം ആദ്യം ട്രെയിൻ കോച്ചിൽ 18കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സംശയിക്കുന്നതായി പോലീസ്. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു പെൺകുട്ടി ആക്രമിക്കപ്പെട്ടത്.
കോളേജ് വിദ്യാർത്ഥിനിയായ 18കാരി വഡോദരയിൽ പ്രവർത്തിക്കുന്ന എൻജിഒയിൽ പ്രവർത്തിച്ചിരുന്നു. വഡോദരയിലെ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. പിന്നീട് നവംബർ നാലിന് നവ്‌സാരി സ്വദേശിയായ പെൺകുട്ടിയെ വൽസാദ് ക്വീൻ എക്‌സ്പ്രസിലെ കോച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ ബാഗിൽനിന്ന് പോലീസ് ഡയറി പോലീസ് കണ്ടെടുത്തു. ഈ മാസം ആദ്യം ഓട്ടോയിലെത്തിയ രണ്ടു പ്രതികൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട സ്ഥലത്തെത്തിക്കുകയും ചെയ്തിരുന്നു. കണ്ണുകെട്ടിയാണ് പെൺകുട്ടിയെ ഇവർ അവിടെ എത്തിച്ചത്. അവിടെവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായാണ് പോലീസിന്റെ നിഗമനം. പിന്നീട് പ്രദേശത്തേക്ക് ഒരു ബസ് ഡ്രൈവർ വന്നതോടെ പ്രതികൾ കടന്നുകളഞ്ഞു. ബസ് ഡ്രൈവറുടെ സഹായത്തോടെ പെൺകുട്ടി സുഹൃത്തിനെ വിളിക്കുകയും അവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. ഇക്കാര്യങ്ങളാണ് ഡയറിയിൽ പറയുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ബലാത്സംഗത്തെ കുറിച്ച് ഡയറിയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്തതോടെ കൂട്ടബലാത്സംഗത്തിന് ഇരയായതായാണ് പോലീസ് നിഗമനം.
ഇതിനിടെ, പ്രതികളെ പിടികൂടാൻ പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചതായി ഐജി സുഭാഷ് ത്രിവേദി പറഞ്ഞു. വഡോദര പോലീസ്, അഹ്‌മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച്, ഫോറൻസിക് സയൻസ് ലബോറട്ടറി, റെയിൽവേ എന്നിവരെ ഉൾപ്പെടുത്തി ഏകദേശം 25ഓളം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. 450ഓളം സിസിടിവിയും പരിശോധനക്ക് വിധേയമാക്കി.