അഞ്ചു ലിറ്റർ പാൽ കറന്നിരുന്ന എരുമ പാൽ നൽകുന്നില്ല; പരാതിയുമായി കർഷകൻ പോലീസ് സ്‌റ്റേഷനിൽ

ഭോപാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ക്ഷീര കർഷകൻ വ്യത്യസ്തമായ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ്. പാൽ കറന്നെടുക്കാൻ എരുമ സമ്മതിക്കുന്നില്ലെന്നാണ് ബാബുലാൽ ജാദവ് എന്ന കർഷകന്റെ പരാതി. തന്റെ എരുമ പാൽ കറന്നെടുക്കാൻ സമ്മതിക്കുന്നില്ലെന്നും ദുർമന്ത്രവാദമാണ് ഇതിന് കാരണമെന്നുമാണ് ഇദ്ദേഹം ആരോപിക്കുന്നത്.

ശനിയാഴ്ച 45കാരൻ പരാതിയുമായി നായഗോൺ പോലീസ് സ്‌റ്റേഷനിലെത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. കർഷകന്റെ പരാതി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അരവിന്ദ് ഷാ സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസവും അഞ്ചുലിറ്റർ പാൽ എരുമ നൽകിയിരുന്നു. രണ്ടു ദിവസമായി എരുമ പാൽ നൽകാൻ സമ്മതിക്കുന്നില്ല. ദുർമന്ത്രവാദത്തെ തുടർന്നാണ് എരുമ പാൽ നൽകാൻ വിസമ്മതിക്കുന്നതെന്നു കർഷകൻ പരാതിപ്പെടുന്നു.

പരാതി നൽകി നാലുമണിക്കൂറിന് ശേഷം വീണ്ടും ബാബുലാൽ എരുമയുമായെത്തി പോലീസിന്റെ സഹായം തേടുകയായിരുന്നു. ‘വെറ്ററിനറി ഉപദേശങ്ങൾ തേടുന്നതിന് കർഷകനെ സഹായിക്കാൻ സ്‌റ്റേഷൻ ഇൻ ചാർജിന് നിർദേശം നൽകിയിരുന്നു. കർഷകൻ ഇന്ന് വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ പാൽ കറന്നെടുക്കാൻ എരുമ സമ്മതിച്ചുവെന്ന് അദ്ദേഹം അറിയിച്ചു’ -ഷാ പറഞ്ഞു.

Exit mobile version