ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന പ്രവചനവുമായി എബിപി സിവോട്ടർ സർവേ റിപ്പോർട്ട്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സർവേ വിലയിരുത്തുന്നത്. കോൺഗ്രസിന് ഭരണം നിലനിർത്താനും ബിജെപിക്ക് അട്ടിമറിക്കാനും ഈ തെരഞ്ഞെടുപ്പ് നിർണായകമാണെന്നിരിക്കെ എബിപി സിവോട്ടർ സർവേ സാധ്യത കൽപ്പിക്കുന്നത് ആം ആദ്മി പാർട്ടിക്കാണ്.
ജനവികാരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മിക്ക് ഒപ്പമാണെന്ന് സർവ്വേയിൽ പറയുന്നു. ഡൽഹിക്ക് പുറത്ത് ആപ്പ് കൂടുതൽ കരുത്ത് കാണിച്ചത് പഞ്ചാബിലാണെന്നിരിക്കെ സർവേ റിപ്പോർട്ട് വലിയ ചർച്ചയാവുകയാണ്. ആപ്പ് ഈ തെരഞ്ഞെടുപ്പോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു വരാനാണ് സാധ്യത.
2021 നവംബറിലാണ് സർവ്വേ സംഘടിപ്പിച്ചത്. 117 അംഗ നിയമസഭയിൽ 2017 ലെ തെരഞ്ഞെടുപ്പിൽ ആപ്പ് 12 സീറ്റുകൾ നേടിയിരുന്നു. എന്നാൽ 47-53 സീറ്റുകൾ വരെ സംസ്ഥാനത്ത് ഇത്തവണ ഉറപ്പിനാക്കാനാകുമെന്നാണ് സർവ്വേ പ്രതികരണം.
അതേസമയം, ശക്തി തെളിയിക്കാനായി കളത്തിലിറങ്ങുന്ന ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ലഭിക്കുക കാലയളവിലെ ഏറ്റവും മോശം ഫലമാണെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. കാർഷിക ബില്ലിനെതിരെ രാജ്യത്ത് ഉയർന്നുവന്ന കേന്ദ്രസർക്കാർ വിരുദ്ധ വികാരവും ശിരോമണി അകാലി ദളുമായുണ്ടായ അകൽച്ചയും ബിജെപിയെ ബാധിക്കും.
ബിജെപി പൂജ്യം മുതൽ ഒരു സീറ്റിൽ വരെ ഒതുങ്ങുമെന്നാണ് സർവ്വേ ഫലം. സംസ്ഥാനത്ത് കോൺഗ്രസിനും തിരിച്ചടിയാണ് പ്രവചനം. വോട്ട് ഷെയറും ആനുപാതികമായി സീറ്റിന്റെ എണ്ണത്തിലും താരതമ്യേന കുറഞ്ഞേക്കുമെന്ന് സർവേ വിലയിരുത്തുന്നു.
വോട്ട് ഷെയർ കണക്കാക്കുമ്പോൾ 2017 ലെ 23.7 ശതമാനത്തിൽ നിന്നും ആപ്പ് 36.5 ശതമാനത്തിലേക്ക് വരെ ഉയർന്നേക്കും. ശിരോമണി അകാലി ദളിന്റേയും സീറ്റ് എണ്ണം വർധിച്ചേക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 14 സീറ്റ് നേടിയ ശിരോമണി അകാലി ദൾ ഈ തെരഞ്ഞെടുപ്പിൽ 16-24 വരെ സീറ്റുകൾ നേടുമെന്നാണ് സർവ്വേ ഫലം.
Discussion about this post