ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന മധ്യപ്രദേശിലെ ഗോത്രവിഭാഗങ്ങളുടെ ആഘോഷത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഒഴുക്കുന്നത് കോടികള്‍. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രധാനമന്ത്രി തലസ്ഥാന നഗരിയില്‍ വെറും നാല് മണിക്കൂറാണ് ചെലവഴിക്കുക. ഇതില്‍ വേദിയില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റും ഉണ്ടാകും. ഇതിനായി സര്‍ക്കാര്‍ ചെലവിടുന്നത് 23 കോടി രൂപയിലധികമാണെന്നാണ് റിപ്പോര്‍ട്ട്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട പ്രമുഖരെ ആദരിക്കാന്‍ വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ജംബോരി മൈതാനത്തിലെ പരിപാടിയുടെ ആര്‍ഭാടത്തിന് മാത്രമായാണ് കോടികള്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത്.
ജംബോരി മൈതാനത്തിലെ പരിപാടിക്ക് രണ്ടു ലക്ഷം ആദിവാസി വിഭാഗങ്ങളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ ഇവരെ എത്തിക്കുന്നതിന് മാത്രം
പതിമൂന്ന് കോടിരൂപയാണ് ചെലവഴിക്കുക.
ഭഗവാന് ബിര്‍സ മുണ്ടയുടെ സ്മരണയ്ക്കായി മധ്യപ്രദേശ് നവംബര്‍ 15ന് ജന്‍ജാതിയ ഗൗരവ് ദിവസ് ആഘോഷിക്കുന്നത്. ജംബൂരി മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിസംബോധന ചെയ്യും, കൂടാതെ രാജ്യത്തെ ആദ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മ്മിച്ച ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി സംസ്ഥാനത്തിന് സമര്‍പ്പിക്കും,
പ്രധാനമന്ത്രി എത്തുന്ന വേദി മുഴുവന്‍ ഗോത്രകലകളും ഗോത്ര ഇതിഹാസങ്ങളുടെ ചിത്രങ്ങളും കൊണ്ട് അലങ്കരിക്കും. ഒരാഴ്ചകൊണ്ട് പണികള്‍ തീര്‍ക്കുന്നതിന് വേണ്ടി 300ഓളം തൊഴിലാളികളെയാണ് ഏര്‍പ്പെടുത്തിയത്. കൂടാതെ ആദിവാസികള്‍ക്കായി പ്രത്യേക വലിയ പന്തലുകളും നിര്‍മ്മിക്കും. വേദിയുടെ അലങ്കാരങ്ങള്‍, നാലു ഗോപുരങ്ങള്‍, ടെന്റുകള്‍, പ്രചാരണങ്ങള്‍ക്ക് വേണ്ടിയുള്ള പരസ്യം എന്നിവക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് ഒന്പതുകോടി രൂപയാണ്. എന്നാല്‍ പ്രധാനമന്ത്രി അത്യാര്‍ഭാടം നിറഞ്ഞ വേദിയില്‍ ചെലവഴിക്കുക വെറും ഒന്നേകാല്‍ മണിക്കൂര്‍ മാത്രമാണ്.
52 ജില്ലകളില്‍ നിന്ന് വരുന്നവരുടെ ഗതാഗതം, ഭക്ഷണം, താമസം എന്നിവയ്ക്കായി 12 കോടി രൂപയും അഞ്ച് താഴികക്കുടങ്ങള്‍, കൂടാരങ്ങള്‍, അലങ്കാരം, പ്രചാരണം എന്നിവയ്ക്കായി 9 കോടിയിലധികം രൂപയുമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
സംസ്ഥാനത്ത് നാല്‍പ്പത്തിയേഴു നിയമസഭാ സീറ്റുകളാണ് ആദിവാസി വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. അതില്‍ ഇരുപത്തൊന്പത് സീറ്റുകള്‍ 2008ല്‍ ബിജെപി നേടിയിരുന്നു. എന്നാല്‍ 2013ല്‍ മുപ്പത്തിമൂന്ന് സീറ്റുകളായി ഉയര്‍ന്ന ബിജെപിയുടെ സീറ്റു നില 2018ല്‍ പതിനാറ് സീറ്റുകളിലേക്ക് കുത്തനെ താഴുകയും ചെയ്തിരുന്നു.
അതേസമയം, ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കു പ്രകാരം ആദിവാസികള്‍ക്കുനേരെ ഏറ്റവും കൂടുതല്‍ ആക്രമണം നടക്കുന്നത് മധ്യപ്രദേശിലാണ്. 2021 ല്‍ 2401 കേസുകളാണ് ആദിവാസികള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2019ല്‍ അത് 1,922യായിരുന്നു. 2019ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ 1,868 ആയിരുന്നു ആദിവാസികള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍.
Discussion about this post