കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചാൽ കർഷകർ വീടുകളിലേക്ക് മടങ്ങും: രാകേഷ് ടികായത്ത്

ഗാസിയാബാദ്: പ്രതിഷേധത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിക്കുന്നത് വരെ കർഷകർ പ്രക്ഷോഭം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള ഏക വഴി കാർഷിക നിയമങ്ങൾ പിൻവലിക്കുക മാത്രമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയും വിളകൾക്ക് താങ്ങുവില ഉറപ്പാക്കുകയും ചെയ്താൽ കർഷക പ്രക്ഷോഭം പിൻവലിക്കും. കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ കർഷകർ അവരുടെ വീടുകളിലേക്ക് മടങ്ങുന്നുണ്ടെന്ന് ഉറപ്പാക്കും -ടികായത്ത് ട്വീറ്റ് ചെയ്തു.

ജലം, ഭൂമി, വനം എന്നിവ സംരക്ഷിക്കുന്നതിനാണ് ഈ കർഷക പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 26ന് കർഷക പ്രക്ഷോഭത്തിന് ഒരുവയസ് ആകാനിരിക്കെയാണ് രാകേഷ് ടികായത്തിന്റെ പ്രതികരണം. രാജ്യതലസ്ഥാന അതിർത്തികളായ സിംഘു, ടിക്‌രി, ഗാസിപൂർ അതിർത്തികളിലാണ് കർഷകരുടെ പ്രക്ഷോഭം. ആയിരക്കണക്കിന് കർഷകരാണ് മാസങ്ങളായി ഇവിടങ്ങളിൽ പ്രതിഷേധം തുടരുന്നത്.

Exit mobile version