കേപ് കനാവറല്‍(യുഎസ്) : നാസയ്ക്ക് വേണ്ടിയുള്ള സ്പേസ് എക്സിന്റെ പുതിയ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജന്. തെലങ്കാനയില്‍ കുടുംബവേരുകളുള്ള യുഎസ് എയര്‍ഫോഴ്സ് പൈലറ്റ് രാജ ചാരി(44) യാണ് ബുധനാഴ്ച പുറപ്പെട്ട നാലംഗസംഘത്തിന്റെ നായകന്.
ക്രൂ ഡ്രാഗണ്‍ പേടകവുമായി ബുധനാഴ്ച രാത്രിയാണ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് വിക്ഷേപിച്ചത്. ചാരിയെക്കൂടാതെ കയ്ല ബറോണ്‍, ടോം മര്‍ഷ്ബേണ്‍, മത്യാസ് മോറെര്‍ എന്നിവരാണ് സംഘത്തിലുള്ളത്. 22 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് ഇവര്‍ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറ് മാസം അവിടെ ചെലവിടും. മെറ്റീരിയല്‍സ് സയന്‍സ്, ആരോഗ്യ സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ എന്നിവയില്‍ ഗവേഷണം നടത്തുകയാണുദ്ദേശം.
ഈ ദൗത്യത്തിലൂടെ 60 വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്നവരുടെ എണ്ണം 600 ആയി. പതിനെട്ട് മാസത്തിനിടെ സ്പേസ് എക്സ് പതിനെട്ട് പേരെയാണ് ബഹിരാകാശത്ത് എത്തിച്ചത്. ഫെബ്രുവരിയില്‍ ബഹിരാകാശ സഞ്ചാരികളുടെ രണ്ടാം സംഘത്തെ സ്പേസ് എക്സ് അയക്കും. ഇവര്‍ക്ക് ആതിഥേയത്വം വഹിക്കുക എന്നതും ചാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചുമതലയാണ്.
Discussion about this post