ന്യൂഡൽഹി: ഇന്ത്യയ്ക്ക് യഥാർതഅഥ സ്വാതന്ത്യം ലഭിച്ചത് 2014ൽ മോഡി അധികാരത്തിലേറിയപ്പോഴാണെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷവിമർശനം. കങ്കണ ചെയ്തത് രാജ്യദ്രോഹമാണെന്നും സ്വാതന്ത്ര്യ സമരത്തെ അപമാനിച്ച കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
”മഹാത്മാഗാന്ധി, നെഹ്റു, സർദാർ പട്ടേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ധീരരായ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതും ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ വിപ്ലവകാരികളുടെ ത്യാഗങ്ങളെ ഇകഴ്ത്തുന്നതുമാണ് കങ്കണ റണാവത്തിന്റെ പ്രസ്താവന,”-കോൺഗ്രസ് വക്താവ് ആനന്ദ് ശർമ പറഞ്ഞു.
ദേശീയ മാധ്യമശൃംഖലയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തി സംസാരിച്ചത്. ”സവർക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകൾക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവർക്കത് അറിയാമായിരുന്നു. അവർ തീർച്ചയായും ഒരു സമ്മാനം നൽകി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.
അതേസമയം, ബിജെപിയിൽ നിന്നടക്കം കടുത്ത വിമർശനമാണ് കങ്കണയ്ക്ക് നേരെ ഉയർന്നിരിക്കുന്നത്. കങ്കണയുടെ പരാമർശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്നാണ് ബിജെപി എംപി വരുൺ ഗാന്ധി ചോദിച്ചത്.
‘ചിലപ്പോൾ മഹാത്മാഗാന്ധിയുടെ ത്യാഗത്തിനോടുള്ള അപമാനം, അദ്ദേഹത്തിന്റെ കൊലയാളിയോടുള്ള ബഹുമാനം, ഇപ്പോൾ മംഗൾ പാണ്ഡെ മുതൽ റാണി ലക്ഷ്മിഭായി, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, നേതാജി തുടങ്ങി ദശലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളോടുള്ള ഈ അവഗണന. ഈ ചിന്താ പ്രക്രിയയെ ഞാൻ ഭ്രാന്തെന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കണ്ടത്,’-വരുൺ പറഞ്ഞു.
Discussion about this post