മുംബൈ: കൊവിഡ് പ്രതിരോധവാക്‌സിന്റെ ഒരു ഡോസ് എങ്കിലും എടുത്തിട്ടില്ലാത്തവര്‍ക്ക് റേഷനും പെട്രോളും പാചകവാതകവും കൊടുക്കേണ്ടതില്ലെന്ന കടുത്ത തീരുമാനം എടുത്ത് മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടം. ജില്ലയില്‍ പ്രതിരോധകുത്തിവെപ്പ് പ്രതീക്ഷിച്ചരീതിയില്‍ മുന്നേറുന്നില്ലെന്ന് കണ്ടതോടെയാണ് കടുത്ത തീരുമാനങ്ങളിലേയ്ക്ക് കടന്നത്.
കോവിഡ് വാക്‌സിനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചവര്‍ക്കുമാത്രം റേഷന്‍സാധനങ്ങള്‍ നല്‍കിയാല്‍ മതിയെന്നു കാണിച്ച് കളക്ടര്‍ സുനില്‍ ചവാന്‍ ഉത്തരവിട്ടു. ഗ്യാസ് ഏജന്‍സികള്‍ക്കും പെട്രോള്‍പമ്പുകള്‍ക്കും സമാനനിര്‍ദേശം കൈമാറി. ഇതു ലംഘിക്കുന്ന കടയുടമകള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഒരുഡോസെങ്കിലും വാക്‌സിന്‍ എടുത്തിട്ടില്ലാത്തവര്‍ അജന്ത, എല്ലോറ ഗുഹകളടക്കമുള്ള ജില്ലയിലെ ചരിത്രസ്മാരകങ്ങളില്‍ പ്രവേശിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തെ അര്‍ഹരായ മുഴുവനാളുകള്‍ക്കും നവംബര്‍ അവസാനത്തോടെ ആദ്യഡോസ് വാക്‌സിന്‍ നല്‍കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശ്രമം.
എന്നാല്‍, ഔറംഗാബാദില്‍ ഇതുവരെ 71 ശതമാനം പേരേ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ. രണ്ടുഡോസുമെടുത്തത് 24 ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയിലെ വലിയൊരുവിഭാഗം കര്‍ഷകത്തൊഴിലാളികളാണ്. ജോലിക്കുപോകുന്നതുകൊണ്ട് പകല്‍സമയം വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്താന്‍ ഇവര്‍ക്കുകഴിയുന്നില്ല എന്നത് മനസ്സിലാക്കി വൈകുന്നേരങ്ങളില്‍ പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.