കുട്ടികള്‍ മരിച്ചതിന് ഉത്തരവാദികള്‍ സര്‍ക്കാര്‍: രാഷ്ട്രീയ പകപ്പോക്കലാണെന്ന് സംശയം; നാലുമാസത്തിനുള്ളില്‍ സത്യം തെളിയും, ഡോ.കഫീല്‍ ഖാന്‍

വരാണസി: കുഞ്ഞുങ്ങളുടെ മരണത്തില്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി വിചിത്രമെന്ന് ഡോ.കഫീല്‍ ഖാന്‍. അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തന്റെ കര്‍മ്മമാണ്. സര്‍ക്കാര്‍ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്നത് സംശയിക്കേണ്ടിരിക്കുന്നു.

മാധ്യമങ്ങളിലൂടെയാണ് സര്‍ക്കാര്‍ പിരിച്ചുവിടല്‍ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സര്‍ക്കാര്‍ തന്നില്ലെന്നും കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഖൊരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 63 കുട്ടികള്‍ മരിച്ചതിന് ഉത്തരവാദികള്‍ സര്‍ക്കാറാണെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാതിരുന്നതാണ് ഓക്‌സിജന്‍ ലഭ്യമാകാതിരിക്കാന്‍ കാരണം.


68 ലക്ഷം രൂപയാണ് അവര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. എട്ടു ഡോക്ടര്‍മാരെയും ജീവനക്കാരെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അതില്‍ ഏഴു പേരെ തിരിച്ചെടുത്തു. മെഡിക്കല്‍ അശ്രദ്ധയും അഴിമതിയും ആരോപിച്ച് എനിക്കെതിരെ നിരവധി അന്വേഷണങ്ങള്‍ നടത്തിയ സര്‍ക്കാര്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും എന്നെ പുറത്താക്കി – കഫീല്‍ ഖാന്‍ പറഞ്ഞു. പിരിച്ചുവിട്ട ശേഷം സുപ്രീംകോടതിയുടെ മുമ്പില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഓക്സിജനില്ലാതെ മരിച്ച 63 കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ നീതിക്ക് വേണ്ടി അലയുകയാണെന്നും കഫീല്‍ ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ നടപടി നീതിയാണോ അനീതിയാണോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ സുപ്രീംകോടതി കെട്ടിടത്തെ ചൂണ്ടിക്കാട്ടി ഈ വ്യവസ്ഥയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാലുമാസത്തിനുള്ളില്‍ സത്യം തെളിയുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

Exit mobile version