ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ടു: യോഗി സര്‍ക്കാറിന്റെ തുടരുന്ന പ്രതികാരം

വരാണസി: ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട് യുപി സര്‍ക്കാര്‍.
ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി.

ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതല്‍ കഫീല്‍ ഖാന്‍ സസ്‌പെന്‍ഷനിലാണ്.
സസ്‌പെന്‍ഷനെതിരായ നിയമ പോരാട്ടം കോടതിയില്‍ തുടരവേയാണ് സര്‍ക്കാര്‍ കഫീല്‍ ഖാനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീല്‍ ഖാന്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ തന്നെ പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്ന് ഡോ.കഫീല്‍ ഖാന്‍ പറഞ്ഞു. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യുപി സര്‍ക്കാര്‍ ആണെന്നും യഥാര്‍ത്ഥ കുറ്റക്കാരനായ ആരോഗ്യമന്ത്രി ഇപ്പോളും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെന്നും കഫീല്‍ ഖാന്‍ പ്രതികരിച്ചു.

യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീല്‍ ഖാന്‍, ഓക്സിജന്‍ ലഭ്യതയുടെ അഭാവത്തെ തുടര്‍ന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ കുറ്റാരോപിതനായിരുന്നു. ഈ കേസില്‍ മാസങ്ങളോളം ഇദ്ദേഹം ജയിലിലായിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധി കുട്ടികള്‍ മരിച്ചിരുന്നു. അന്ന് സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച കഫീല്‍ ഖാന്‍ യോഗി സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു. അന്ന് മുതല്‍ കഫീല്‍ ഖാനെതിരെ നിരന്തരം യുപി സര്‍ക്കാര്‍ പ്രതികാര നടപടികളുമായി രംഗത്തെത്തിയിരുന്നു.

Exit mobile version