ന്യൂഡൽഹി: കേന്ദ്രസർക്കാർ കോവിഡ് പ്രതിസന്ധി കാരണം താൽക്കാലികമായി നിർത്തിവച്ചിരുന്ന എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് (എംപിലാഡ്‌സ്) പുനഃസ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ ബാക്കി മാസങ്ങൾക്കായി രണ്ടു കോടി രൂപ നൽകും.
കൂടാതെ, അടുത്ത വർഷം മുതൽ 2025-26 വരെ സാധാരണ പോലെ അഞ്ച് കോടി രൂപവീതവും എംപി ഫണ്ടായി നൽകും. 15ാം ധനകാര്യ കമ്മീഷന്റെ കാലാവധി കണക്കാക്കിയാണ് 2025-26 വരെയായി നിശ്ചയിച്ചത്. ഇതിനായി 17417 കോടി രൂപ ചെലവു വരും. ഈ വർഷം 1583.5 കോടി രൂപയാണു ചെലവ്. 2022-23 തൊട്ട് 2025-26 വരെ യഥാക്രമം 3965 കോടി, 3958.5 കോടി, 3955 കോടി, 3955 കോടി എന്നിങ്ങനെയായിരിക്കും ചെലവുണ്ടാവുക.
രണ്ടു ഘട്ടമായി നൽകുന്ന എംപി ഫണ്ട് വിതരണം കഴിഞ്ഞ വർഷം കോവിഡ് മൂലമുണ്ടായ അധികച്ചെലവുകൾ നേരിടാനായി രണ്ടു വർഷത്തേക്കു നിർത്തിവെയ്ക്കുകയായിരുന്നു.
എന്നാൽ രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിൽ ബാക്കി മാസങ്ങളിലേക്ക് രണ്ടു കോടി നൽകി ഫണ്ട് തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
Discussion about this post