ആശുപത്രിയിലെ തീപ്പിടിത്തത്തില്‍ കുഞ്ഞിനെ കാണാനില്ലെന്ന് വ്യാജ പരാതി: കുഞ്ഞിനെ വീട്ടില്‍ തന്നെ കണ്ടെത്തി, ദമ്പതിമാര്‍ കസ്റ്റഡിയില്‍

ഭോപാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ കമലാ നെഹ്റു ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിനിടെ കുഞ്ഞിനെ കാണാനില്ലെന്ന് വ്യാജ പരാതിയുമായെത്തിയ ദമ്പതിമാര്‍ക്കെതിരേ പോലീസ് അന്വേഷണം ആരംഭിച്ചു. ഗാന്ധിനഗര്‍ ന്യൂജയില്‍ റോഡ് സ്വദേശികളായ മന്‍സൂര്‍-അര്‍ഷി എന്നിവരെയാണ് വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസമാണ് ഭോപ്പാലിലെ കമലാ നെഹ്റു ആശുപത്രിയിലെ നവജാത ശിശുസംരക്ഷണ വിഭാഗത്തില്‍ തീപ്പിടിത്തമുണ്ടായത്. ഇതിനിടെയാണ് ആശുപത്രിയിലുണ്ടായിരുന്ന തങ്ങളുടെ കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയുമായി മന്‍സൂറും അര്‍ഷിയും രംഗത്തെത്തിയത്.

കമലാ നെഹ്റു ആശുപത്രിക്ക് സമീപത്തെ ഹമീദിയ ആശുപത്രിക്ക് മുന്നിലാണ് ദമ്പതിമാര്‍ ആദ്യം എത്തിയത്. ഇവിടെവെച്ച് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. ആശുപത്രി സൂപ്രണ്ടിന് രേഖാമൂലം പരാതിയും നല്‍കി. നവംബര്‍ എട്ടിന് താന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നും നവജാത ശിശുസംരക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ തീപ്പിടിത്തമുണ്ടായതിന് പിന്നാലെ കാണാനില്ലെന്നുമായിരുന്നു അര്‍ഷിയുടെ പരാതി.

ഇതോടെ പോലീസും ആശുപത്രി അധികൃതരും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് ദമ്പതിമാരുടെ പരാതി വ്യാജമാണെന്നും ഇവരുടെ കുഞ്ഞ് വീട്ടില്‍ തന്നെയുണ്ടെന്നും കണ്ടെത്തിയത്.

നവംബര്‍ എട്ടാം തീയതി അര്‍ഷിയുടെ പ്രസവം നടന്നുവെന്നത് ശരിയാണെന്ന് പോലീസും അറിയിച്ചു. എന്നാല്‍ ദമ്പതിമാര്‍ അധികൃതരുടെ അനുമതിയില്ലാതെ കുഞ്ഞുമായി ആശുപത്രി വിടുകയായിരുന്നു. കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായ വിവരമറിഞ്ഞാണ് വീണ്ടും ആശുപത്രിയിലെത്തി വ്യാജ പരാതി ഉന്നയിച്ചതെന്നും പോലീസ് പറഞ്ഞു. ഇത്തരത്തിലൊരു പരാതി ഉന്നയിക്കാനിടയായ കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസമാണ് കമലാ നെഹ്റു ആശുപത്രിയിലെ നവജാത ശിശുസംരക്ഷണ വിഭാഗത്തില്‍ തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ നാല് നവജാത ശിശുക്കള്‍ ശ്വാസംമുട്ടി മരിച്ചിരുന്നു. ഒന്ന് മുതല്‍ ഒമ്പത് ദിവസം വരെ പ്രായമുള്ള 40 കുഞ്ഞുങ്ങളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്.

Exit mobile version