ബംഗളൂരു: തത്കാലത്തേക്ക് നോക്കാനേൽപ്പിച്ച തന്റെ കുഞ്ഞിനെ ആർക്കോ വിറ്റെന്ന് ആരോപിച്ച് ഇരുപതുകാരി നൽകിയ പരാതിയിൽ അന്വേഷണം നേരിടുന്ന യുവതിയും കുടുംബവും ജീവനൊടുക്കി. കോലാറിലെ കരഞ്ജികട്ടെയിലാണ് അഞ്ചംഗ കുടുംബം ജീവനൊടുക്കിയത്.
പുഷ്പ (33), ഭർത്താവ് ബാബു (45), അച്ഛൻ മുനിയപ്പ (70), അമ്മ നാരായണമ്മ (65), മകൾ ഗംഗോത്രി (17) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കോലാറിൽ പഠനം നടത്തുന്ന ഹൊസൂരിനടുത്തുള്ള ഒരു പാരാമെഡിക്കൽ വിദ്യാത്ഥിനിയാണ് പരാതിക്കാരി. തന്റെ നവജാതശിശുവായ കുഞ്ഞിനെ വിൽപ്പന നടത്തിയെന്നാരോപിച്ച് പുഷ്പയുടെ പേരിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.
അവിവാഹിതയായ പെൺകുട്ടി പ്രണയബന്ധത്തിലായിരുന്നു. ഗർഭിണിയാണെന്ന വിവരം ബന്ധുക്കളിൽനിന്നും മറച്ചുവെച്ച പെൺകുട്ടി പിന്നീട് പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം സഹായത്തിനായി അമ്മയെ വിവരമറിയിച്ചു. അമ്മയെത്തി ഏതാനുംദിവസം ഒപ്പംനിന്നശേഷം വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. അമ്മയോടൊപ്പം മടങ്ങാനാണ് കുഞ്ഞിനെ ഇവർ പരിചയക്കാരിയായ പുഷ്പയെ ഏൽപ്പിച്ചത്.
കുറച്ചുദിവസങ്ങൾക്കുശേഷം, പെൺകുട്ടി തിരിച്ചുവന്ന് പുഷ്പയുടെ വീട്ടിലെത്തി തന്റെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടു. ഈ സമയം കുഞ്ഞ് പുഷ്പയോടൊപ്പം ഉണ്ടായിരുന്നില്ല. കുഞ്ഞിനെ വാങ്ങിയ കാര്യം ഇവർ നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടി കോലാർ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പുഷ്പയെയും കുടുംബാംഗങ്ങളെയും പോലീസ് ചോദ്യംചെയ്തിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ പുഷ്പ കുഞ്ഞിനെ വാങ്ങിയ കാര്യം വ്യക്തമായി. മൂന്നുദിവസത്തിനകം കുഞ്ഞിനെ കണ്ടെത്തി തിരികെനൽകാൻ പോലീസ് നിർദേശിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കുടുംബാംഗങ്ങൾ ഒന്നിച്ച് വിഷംകഴിച്ച് ജീവനൊടുക്കിയത്. കുഞ്ഞിനെ ഇവർ വിൽപ്പന നടത്തിയതായാണ് പോലീസ് കരുതുന്നത്. കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Discussion about this post