ചെന്നൈ: പ്രളയത്തില്‍ ചെന്നൈ തകര്‍ന്നടിഞ്ഞ് നില്ക്കുമ്പോള് വള്ളത്തിലിരുന്ന് ഫോട്ടോഷൂട്ട് നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ വിവാദത്തില്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈബറിടത്ത് നിറഞ്ഞതോടെയാണ് വിമര്‍ശനങ്ങളും കടുക്കുന്നത്. ശ്രദ്ധ നേടാന്‍ ഇത്തരം ഫോട്ടോഷൂട്ടുകള്‍ നടത്തുന്നതു നാണക്കേടാണെന്ന കുറിപ്പോടെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
അപ്രതീക്ഷിത പ്രളയത്തില്‍നിന്നു ചെന്നൈ കരകയറി വരുന്നതേയുള്ളൂ. താഴ്ന്ന ഭാഗങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളം ഒഴുക്കികളഞ്ഞു ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തിലാണ് ജനം. ഇതിനിടയ്ക്കാണു വിവാദ ഫോട്ടോഷൂട്ടും നടത്തിയത്. കെ.അണ്ണാമലൈ വള്ളത്തിലിരിക്കുന്നതു വീഡിയോയില്‍ കാണാം. കൂടെയുള്ളവരും അണ്ണാമലൈയും ഫൊട്ടോഗ്രഫര്‍ക്കു പല കോണുകളില്‍ നിന്നുള്ള പോസിനായി നിര്‍ദേശിക്കുന്നുണ്ട്.
Mmm…😁😁 pic.twitter.com/I7yxXdZGKv
— James Stanly (@JamesStanly) November 9, 2021
ചെന്നൈ കൊളത്തൂരില്‍ മുട്ടോളം വെള്ളമുള്ള സ്ഥലത്തു വള്ളമെത്തിച്ചായിരുന്നു അണ്ണാമലൈയും പാര്‍ട്ടി പ്രവര്‍ത്തകരും ഫോട്ടോഷൂട്ട് നടത്തിയത്. നല്ല ഫോട്ടോ കിട്ടാനുള്ള ആംഗിളുകള്‍ നിര്‍ദേശിക്കുന്നതിന്റെയും ഫ്രെയിമില്‍നിന്ന് ആളുകളെ മാറ്റുന്നതിന്റെയും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഡിഎംകെയുടെ കളിപ്പാവകളാണ് വിവാദത്തിനു പിന്നിലെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.
Discussion about this post