റാഞ്ചി: തെരഞ്ഞെടുപ്പുകളില്‍ വീണ്ടും താമരയ്ക്ക് തിരിച്ചടി. ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ കോലേബിറ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം തേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്സല്‍ കോന്‍ഗരി ബിജെപിയുടെ ബസന്ത് സോറെങിനെ 9658 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
20 റൗണ്ട് വോട്ടുകളും എണ്ണിയപ്പോള്‍ കോന്‍ഗരിയ്ക്ക് 40,343 വോട്ടും സോറങ്ങിന് 30,685 വോട്ടുകളുമാണ് ലഭിച്ചത്. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് ഇത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ കോണ്‍ഗ്രസ് വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന ജാര്‍ഖണ്ഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേനോന് എക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
16,445 വോട്ടുകളാണ് എക്കയ്ക്ക് ലഭിച്ചത്. എംഎല്‍എയായിരുന്ന എനോസ് എക്കയുടെ ഭാര്യയാണ് മേനോന് എക്ക. സ്കൂള്‍ അധ്യാപകന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എനോസ് അയോഗ്യനായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ വര്‍ഷം ജൂണില്‍ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. ബൂത്ത് തലത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് തങ്ങളുടെ വിജയത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് കിഷോറെ പറഞ്ഞു.
Discussion about this post