“ക്രമപ്പട്ടികയില്‍ പൊരുത്തക്കേട് ” : അഫ്ഗാന്‍ സുരക്ഷ വിശകലനം ചെയ്യാന്‍ ഇന്ത്യ നടത്തുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന

ബെയ്ജിങ് : അഫ്ഗാന്‍ സുരക്ഷ വിശകലനം ചെയ്യാന്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്നറിയിച്ച് ചൈന. റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളും അഞ്ച് മധ്യേഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കുന്ന ആശയവിനിമയത്തില്‍ നിന്ന് ക്രമപ്പട്ടികയിലെ പൊരുത്തക്കേടുകള്‍ മൂലമാണ് പിന്മാറുന്നതെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് യോഗം.

അഫ്ഗാനില്‍ താലിബാന്‍ ഓഗസ്റ്റില്‍ അധികാരമേറിയതോടെ ഭീകരവാദം, ലഹരി ഉത്പന്നങ്ങളുടെ കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന ഭീഷണിയ്‌ക്കെതിരെ സമാന സ്വാഭാവത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കാനാണ് ആശയവിനിയത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക.

ക്രമപ്പട്ടികയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ ചൈനയ്ക്ക് യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെര്‍ബിന്‍ പറഞ്ഞു. കസഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തജിക്കിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍, ഉസ്ബഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും ആശയവിനിമയത്തില്‍ പങ്കെടുക്കും.

ചൈന, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ താലിബാനുമായി നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി താലിബാന്‍ ഇടക്കാല സര്‍ക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുല്‍ ഗനി ബറാദറുമായി ദോഹയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് മുമ്പ് ചൈനയില്‍ വെച്ചും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടന്നിട്ടുണ്ട്. കൂടാതെ അഫ്ഗാന് 31 മില്ല്യണ്‍ യുഎസ് ഡോളറിന്റെ അടിയന്തര സഹായവും ചൈന പ്രഖ്യാപിച്ചിരുന്നു.

Exit mobile version