പാരമ്പര്യമായ തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി. ബ്രിട്ടീഷ് സിഖ് വ്യവസായിയായ റൂബന്‍സിങാണ് വ്യത്യസ്തമായി റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി ടര്‍ബന്‍ ചലഞ്ച് തന്നെ സൃഷ്ടിച്ച് പ്രതികാരം ചെയ്തത്.
ആഴ്ചയില്‍ ഏഴു ദിവസത്തേക്കും തലപ്പാവിന്റെ അതേ നിറത്തിലെ റോള്‍സ് റോയ്‌സ്.
ഇത്തവണ സ്വന്തമാക്കിയത് കുങ്കുമ നിറത്തിലെ കള്ളിനനാണ്. അതും ലോകത്തില്‍ ആകെയുള്ള ഒന്നാണ് സ്വന്തമാക്കിയത്.
സിഖ് പാരമ്പര്യത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും എല്ലാം പ്രതീകമാണ് ഈ കേസരിയെന്നാണ് ചിത്രം പങ്കുവച്ച് റൂബന്‍ കുറിച്ചത്. ആറ് റോള്‍സ് റോയ്‌സ് കാറുകള്‍ ഒരുമിച്ച് സ്വന്തമാക്കി റൂബന്‍ സിങ് വാര്‍ത്തകളിലെ താരമായിരുന്നു.
മൂന്നു റോള്‍സ് റോയ്‌സ് കള്ളിനനും മൂന്നു ഫാന്റവുമായിരുന്നു അന്ന് സ്വന്തമാക്കിയത്. രത്‌ന ശേഖരം എന്നു പേരിട്ടിരിക്കുന്ന പുതിയ കാറുകള്‍ റൂബി, എമറാള്‍ഡ്, സാഫ്രോണ്‍ നിറങ്ങളിലുള്ളതാണ്. റോള്‍സ് റോയ്‌സ് കാറുകളുടെ ആരാധകനായ റൂബന്‍ സിങ്ങിന്റെ ഗാരിജില്‍ ഈ 7 കാറുകള്‍ കൂടാതെ 20 റോള്‍സ് റോയ്‌സുകളുണ്ട്.
ലോകത്തിലെ തന്നെ അത്യാഡംബര എസ്‌യുവികളില്‍ ഒന്നാണ് റൂബന്റെ കൈവശമുള്ള റോള്‍സ് റോയ്‌സ് കള്ളിനന്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാണു ട്രാന്‍സ്മിഷന്‍. ഒപ്പം ഫോര്‍ വീല്‍ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന ആദ്യ റോള്‍സ് റോയ്‌സുമാണ് കള്ളിനന്‍.
ഉപഭോക്താവിന്റെ സൗകര്യവും അഭിരുചിയുമനുസരിച്ച് കള്ളിനനെ അണിയിച്ചൊരുക്കാനുള്ള അവസരവും റോള്‍സ് റോയ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്.