ന്യൂഡല്‍ഹി : സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന ആനുകൂല്യങ്ങള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കി. ഇനി മറ്റേത് വിമാനത്തിലുമെന്നപോലെ മുന്‍കൂര്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യണം.
എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുകയും ടാറ്റയുടെ ഭാഗമാവുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യണം എന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ സര്‍ക്കാര്‍ നീക്കിയത്. മുന്‍കൂര്‍ പണം നല്‍കാതെ എയര്‍ ഇന്ത്യയില്‍ ഇനി യാത്ര ചെയ്യാനാവില്ല. ഇതുവരെയുള്ള ബാധ്യത കൊടുത്തു തീര്‍ക്കാനും ധനമന്ത്രാലയവും വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുമ്പത്തെ വ്യവസ്ഥ പ്രകാരം എയര്‍ ഇന്ത്യയുടെ സര്‍വീസ് ഇല്ലാത്ത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മാത്രമാണ് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിച്ചിരുന്നത്. പ്രാദേശികമായി സര്‍വീസ് നടത്തുന്നവയ്ക്ക് പുറമേ രാജ്യത്ത് എട്ട് വിമാനക്കമ്പനികളാണ് പ്രധാനമായും ഉള്ളത്.