ചെന്നൈ: നടന്‍ സൂര്യയുടെ ‘ജയ് ഭീം’ എന്ന തമിഴ് ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മുന്നേറുകയാണ്. സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്ന ആ ചിത്രം ആരുടേയും ഉള്ളുലയ്ക്കും. ചിത്രം തൊണ്ണൂറുകളില്‍ നടന്ന സംഭവങ്ങളാണ് പകര്‍ത്തുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പോലീസ് ആക്രമണമാണ്.
ഈ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം, പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിയ്ക്ക് സഹായവുമായി നടന്‍ രാഘവ ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നല്‍കുമെന്ന് രാഘവ ലോറന്‍സ് അറിയിച്ചു.
സിനിമയുടെ സെങ്കനി എന്ന കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍വതിയുടെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബസമേതം താമസിക്കുന്നത്.
‘രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദു:ഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിക്ക് വീട് വച്ചു നല്‍കുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു’. രാഘവ ലോറന്‍സിന്റെ വാക്കുകള്‍.
യഥാര്‍ഥ ‘സെങ്കിനി’യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു. 1995ല്‍ മോഷണം ആരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജാക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സെങ്കിനിയായി ചിത്രത്തില്‍ വേഷമിട്ട മലയാളി നടി ലിജോ മോള്‍ ഏറെ പ്രശംസയാണ് നേടുന്നത്.
Discussion about this post