ബംഗളൂരു: ആരാധകരുടെ പരാതിയും ഭീഷണിയും കടുത്തതോടെ അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ കുടുംബ ഡോക്ടര്‍ രമണ റാവുവിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. ഡോക്ടറുടെ വീഴ്ചയാണു പുനീതിന്റെ മരണത്തിനു കാരണമെന്ന് ആരോപിച്ച് പലരും രംഗത്തെത്തിയിരുന്നു.
പ്രചാരണം സമൂഹമാധ്യമങ്ങളിലും ശക്തമായി നിറഞ്ഞു നിന്നിരുന്നു. പിന്നാലെയാണ് ആരാധകരുടെ ഭീഷണിയും കടുത്തത്. ഒക്ടോബര്‍ 29ന് വീട്ടില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ നടനെ രമണ റാവുവിന്റെ വസതിയിലെ ക്ലിനിക്കിലാണ് ആദ്യമെത്തിച്ചത്. പുനീതിന് എന്താണ് സംഭവിച്ചതെന്നു പറയാന്‍ സാധിക്കില്ലെന്നായിരുന്നു മരണത്തിനു പിന്നാലെ രമണ റാവുവിന്റെ വിശദീകരണം.
വളരെ ക്ഷീണം തോന്നുന്നുവെന്നാണ് പുനീത് പറഞ്ഞത്. ഇത്തരമൊരു വാക്ക് അപ്പുവില്‍ നിന്നു താന്‍ കേട്ടിട്ടില്ല. ആരോഗ്യ സംരക്ഷണത്തില്‍ വളരെ ശ്രദ്ധാലുവായിരുന്ന അദ്ദേഹത്തെ മാതൃകയാക്കാന്‍ പലരോടും പറഞ്ഞിട്ടുണ്ട്. ക്ലിനിക്കില്‍നിന്ന് അപ്പു കാറില്‍ കയറിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എമര്‍ജന്‍സി ടീമിനോട് സജ്ജമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
പ്രമേഹം, ക്രമരഹിതമായ രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് ഇതൊക്കെ ഹൃദയാഘാതത്തിനു കാരണമാകാം. എന്നാല്‍ ഇത്തരം പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ എന്താണ് സംഭവിച്ചതെന്തെന്നു കൃത്യമായ കാരണം ചൂണ്ടിക്കാട്ടുക അസാധ്യമാണെന്നും രമണ റാവു പറയുന്നു.
Discussion about this post