ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെളളം കയറി. ചെന്നൈ നഗരത്തിന്റെ ഭാഗമായിട്ടുളള സൈദാപേട്ട്, വേലച്ചേരി, അഡംബാക്കം, മടിപ്പാക്കം എന്നിവിടങ്ങളില്‍ മൂന്ന് അടിയോളം വെളളം കയറിയിട്ടുണ്ട്.
കനത്ത മഴ രണ്ടുദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. രാത്രി മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴയില്‍ ചെന്നൈ നഗരം മുങ്ങി. പ്രധാന പാതകളടക്കം വെള്ളത്തിനടിയിലായതോടെ ഗതാഗതം താറുമാറായി. മുന്‍കരുതല്‍ നടപടികളായി ജലസംഭരണികള്‍ തുറന്നുവിട്ടു.
മാത്രമല്ല, രണ്ടുദിവസത്തേക്ക് യാത്ര അരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അഭ്യര്‍ഥിച്ചു. ദീപാവലിക്ക് നാട്ടിലേക്ക് മടങ്ങിയവര്‍ കൂട്ടത്തോടെ തിരികെയെത്തുന്നതിനാലാണ് നിര്‍ദേശം.
പ്രളയ സാധ്യത കണക്കിലെടുത്ത് നൂറോളം പേരെ പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്ങല്‍പേട്ട്, തിരുവളളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്ക് രണ്ടു ദിവസത്തേക്ക് അവധി നല്‍കിയതായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുളള ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം.
ജലനിരപ്പ് ഉയര്‍ന്നതോടെ ചെമ്പരമ്പാക്കം, പൂണ്ടി, പുഴല്‍ എന്നിവിടങ്ങഴളിലെ ജലസംഭരണികളില്‍ നിന്ന് ചെറിയ തോതില്‍ വെളളം തുറന്നു വിടുന്നുണ്ട്. ശനിയാഴ്ച രാത്രി മുതല്‍ ഇന്ന് രാവിലെ എട്ട് വരെ പെയ്ത മഴയാണ് വെളളക്കെട്ടിന് കാരണമായത്.
വെളളക്കെട്ടുളള സ്ഥലങ്ങളില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് സന്ദര്‍ശിച്ചു. മഴയെ തുടര്‍ന്ന് ചെന്നൈയിലെ ട്രെയിന്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ക്യാമ്പ് ചെയ്തിട്ടുണ്ട്. മഴ കുറഞ്ഞാല്‍ സ്ഥിതി നിയന്ത്രണ വിധേയമാകും എന്നാണ് വിലയിരുത്തലുകള്‍.
Discussion about this post