ഒമ്പതുവയസുകാരനെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ ആവശ്യപ്പെട്ടു; ഒടുവിൽ പോലീസ് അടുത്തെത്തിയതോടെ കുട്ടിയെ കൊലപ്പെടുത്തി പ്രതികൾ രക്ഷപ്പെട്ടു; ദാരുണം

ബംഗളൂരു: മൈസൂരുവിൽനിന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ ഒമ്പതുവയസ്സുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പച്ചക്കറി വ്യാപാരിയും ഹനഗൊഡു സ്വദേശിയുമായ നാഗരാജിന്റെ മകൻ കാർത്തിക്കാണ് (9) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. നാലുപേർ ഒളിവിലാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

നാലാം ക്ലാസ് വിദ്യാർത്ഥിയായ കാർത്തിക്കിനെ നവംബർ മൂന്നിനാണ് കാണാതായത്. പിന്നീട് മൃതദേഹം വ്യാഴാഴ്ച മൈസൂരുവിലെ ഹനഗൊഡു ഗ്രാമത്തിൽ കണ്ടെത്തുകയായിരുന്നു. ദീപാവലി ആഘോഷത്തിനായി പടക്കം വാങ്ങുന്നതിനായി പുറത്തുപോയ കാർത്തിക്ക് പിന്നീട് തിരിച്ചെത്തിയില്ല.

വൈകാതെ തട്ടിക്കൊണ്ടുപോയ സംഘത്തിലൊരാൾ ലക്ഷങ്ങൾ ആവശ്യപ്പെട്ട് നാഗരാജിനെ ഫോണിൽ വിളിച്ചു. കുട്ടിയെ വിട്ടുതരുന്നതിനായി നാലു ലക്ഷം രൂപ ഹുൻസൂരിലെത്തിച്ച് തരണമെന്നായിരുന്നു ഭീഷണി. ഇല്ലെങ്കിൽ മകന്റെ കഴുത്തറത്ത് കൊല്ലുമെന്നും ഫോണിലൂടെയുള്ള ഭീഷണിപ്പെടുത്തിയിരുന്നെന്ന് നാഗരാജ് പറയുന്നു. തട്ടിക്കൊണ്ടുപോയ സംഘമം പോലീസിനെ വിവരം അറിയിക്കരുതെന്നും പറഞ്ഞിരുന്നെങ്കിലും ഫോൺ കോൾ വന്ന ഉടൻ തന്നെ നാഗരാജ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് അന്വേഷണത്തിനൊടുവിൽ പ്രതികളിലൊരാളെ പോലീസ് പിടികൂടി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഗ്രാമത്തിൽ തന്നെ ഉപേക്ഷിച്ചെന്നും പ്രതി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പണം ആവശ്യപ്പെട്ട് ഫോൺ ചെയ്തശേഷം പോലീസ് പിടികൂടുമെന്നു ഭയപ്പെട്ട് കുട്ടിയെ കൊലപ്പെടുത്തി സംഘം ഒളിവിൽ പോവുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതോടെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിക്കുകയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു.

Exit mobile version