വാഷിംഗ്ടണ്‍ : യുഎസില്‍ രണ്ട് വയസ്സ് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ കോവാക്‌സിന്‍ ഉപയോഗത്തിന് ഭാരത് ബയോടെക്കിന്റെ പങ്കാളിത്ത കമ്പനിയായ ഒക്യൂജെന്‍ അനുമതി തേടി. കുട്ടികളിലെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിയ്ക്കായി യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് അപേക്ഷ സമര്‍പ്പിച്ചുവെന്ന് ഒക്യൂജെന്‍ അറിയിച്ചു.
2-18 വയസ്സിനിടയിലുള്ള 526 കുട്ടികളില്‍ നടത്തിയ പീഡിയാട്രിക് ക്ലിനിക്കല്‍ ട്രയലിന്റെ അടിസ്ഥാനത്തിലാണ് ഒക്യൂജെന്‍ അനുമതി തേടിയിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലെ പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടുണ്ട്. സുരക്ഷ, പ്രതികരണം, പ്രതിരോധം എന്നിവ വിലയിരുത്തുന്നതിനാണ് പരീക്ഷണം.
കഴിഞ്ഞ ദിവസമാണ് കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്. നിലവില്‍ പതിനേഴ് രാജ്യങ്ങളില്‍ കോവാക്‌സിന് അംഗീകാരമുണ്ട്.