ന്യൂഡല്‍ഹി: സാധാരണക്കാരായ ജനങ്ങള്‍ക്ക് വിലക്കയറ്റത്തില്‍ ആശ്വാസം പകരാന്‍ ആത്മാര്‍ത്ഥമായി മോദിസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ധനവില ലിറ്ററിന് 25 രൂപയെങ്കിലും കുറയ്ക്കേണ്ടതുണ്ടെന്ന് ശിവസേന. രാജ്യത്തെ ഇന്ധന വില കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ശിവസേന വക്താവും എം.പിയുമായ സഞ്ജയ് റാവത്ത് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.
ഉപതെരഞ്ഞെടുപ്പുകളില്‍ തോല്‍വിയുടെ ചൂടറിഞ്ഞപ്പോഴാണ് ബിജെപി വിലക്കയറ്റത്തിന്റെ വില അറിഞ്ഞതെന്ന് സഞ്ജയ് റാവത്ത് പരിഹാസിച്ചു. കൊള്ള വിലയ്ക്കാണ് സാധാരണക്കാരായ ജനങ്ങള്‍ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കുന്നത്. ഇതേ പമ്പുകളില്‍ ജനങ്ങളെ അനുഗ്രിക്കുന്ന പ്രധാനമന്ത്രിയുടെ ബോര്‍ഡുകള്‍ കാണാമെന്നും ശിവസേന നേതാവ് പരിഹസിച്ചു.
സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിധത്തില്‍ രാജ്യത്ത് ഇന്ധന വില കുറയണമെങ്കില്‍ ബിജെപിയെ ഭരണത്തില്‍ നിന്നും താഴെയിറക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. അത്രമേല്‍ ദയ ഇല്ലാത്തവര്‍ക്ക് മാത്രമാണ് ഇന്ധനവില 100 രൂപയ്ക്കുമേല്‍ വര്‍ധിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നും രാജ്യത്ത് ഇന്ധനവില 50 രൂപയായി കുറയണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം പ്രതികരിച്ചു.
2024 ഓടെ ബിജെപി ഭരണത്തിന് അവസാനം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം കാരണം രാജ്യത്ത് ദീപാവലി ആഘോഷത്തിന്റെ മാറ്റ് കുറഞ്ഞിരിക്കുകയാണ്. വായ്പയെടുത്ത് ആളുകള്‍ക്ക് ദീപാവലി ആഘോഷിക്കേണ്ട നിലയാണെന്നും ശിവസേന എംപി കുറ്റപ്പെടുത്തി.