പട്‌ന: ബീഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു നിയമസഭാ മണ്ഡലത്തിലും കോണ്‍ഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. കനയ്യ കുമാര്‍ തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്ന ഒട്ടനവധി ചിത്രങ്ങള്‍ ബീഹാര്‍ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റിയുടെ പേജില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ എടുത്താണ് സോഷ്യല്‍ മീഡിയയില്‍ ഇടത് സഹയാത്രികരായ സഖാക്കള്‍ തിരിച്ചടിക്കുന്നത്.
കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് കേരളത്തില്‍ മാധ്യമങ്ങളും കോണ്‍ഗ്രസും വലിയ ആഘോഷം ആക്കിയപ്പോള്‍ കനയ്യ നയിച്ച തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യുന്നില്ല എന്ന് അവര്‍ ആരോപിക്കുന്നു.
ബീഹാറിലെ രണ്ടു നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പില്‍ ജനതാദള്‍ (യു) ആണ് ജയിച്ചത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് ആയിരുന്നു ബീഹാറിലെ ഇടതുപക്ഷ പിന്തുണ. ആര്‍ജെഡിക്ക് ഒപ്പം മുന്നണിയായി കഴിഞ്ഞ തവണ മത്സരിച്ചു ഇടതുപക്ഷം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ബീഹാര്‍ നിയമസഭയില്‍ നിലവില്‍ ഇടത് പാര്‍ട്ടികള്‍ക്ക് എംഎല്‍എമാര്‍ ഉണ്ട്.
എന്നാല്‍ അന്ന് ആര്‍ജെഡിയോടൊപ്പം മത്സരിച്ച കോണ്‍ഗ്രസ് മെച്ചപ്പെട്ട പ്രകടനം അല്ല കാഴ്ച വെച്ചത്. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് ദയനീയ പ്രകടനം നടത്തിയത് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
‘ബീഹാറില്‍ കന്നയ്യ കുമാര്‍ കോണ്‍ഗ്രസിനെ നയിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ടു നിലയില്‍ പൊട്ടി. ബീഹാറിലെ ഇടതു പാര്‍ട്ടികള്‍ ഇവന്‍ പോയതോടെ രക്ഷപെടാന്‍ ആണ് സാധ്യത..’ എന്നെല്ലാമാണ് സോഷ്യല്‍മീഡിയയിലെ കമന്റുകള്‍.
കോണ്‍ഗ്രസിന്റെ താരപ്രചാരകനായി കനയ്യ കുമാര്‍ രംഗത്തിറങ്ങിയതിന്റെ മെച്ചമൊന്നും കോണ്‍ഗ്രസിനും ലഭിച്ചില്ല. കുശേശ്വര്‍ അസ്താനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അതിരേക് കുമാറിനു 5603 (4.28%) വോട്ടുകള്‍ മാത്രമാണു ലഭിച്ചത്. ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) സ്ഥാനാര്‍ഥി അഞ്ജു ദേവിക്ക് 5623 (4.29%) വോട്ടുകളുണ്ട്.
താരാപുര്‍ മണ്ഡലത്തിലും കോണ്‍ഗ്രസിനേക്കാള്‍ വോട്ടുകള്‍ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) നേടി. ലോക് ജനശക്തി പാര്‍ട്ടി (റാംവിലാസ്) സ്ഥാനാര്‍ഥി കുമാര്‍ ചന്ദിനു 5364 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജേഷ് കുമാര്‍ മിശ്രയ്ക്ക് 3590 വോട്ടുകളുമാണ് ലഭിച്ചത്.
ജെഡിയു എംഎല്‍എമാരായിരുന്ന മേവാലാല്‍ ചൗധരി, ശശി ഭൂഷണ്‍ ഹസാരി എന്നിവരുടെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കുശേശ്വര്‍ അസ്താനില്‍ ജയിച്ച അമന്‍ ഭൂഷണ്‍ ഹസാരി, ശശി ഭൂഷണ്‍ ഹസാരിയുടെ മകനാണു വിജയി.