ലഖ്‌നൗ: രാജ്യത്തെ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി പൊതുപണം നീക്കിവച്ച പാര്‍ട്ടിയാണ് ബിജെപിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപിച്ച ദീപോല്‍സവ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
മുന്‍ സര്‍ക്കാറുകള്‍ ഖബറിസ്ഥാനുകള്‍ക്ക് പണം നീക്കിവച്ചപ്പോള്‍ ബിജെപി സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്കായി ഫണ്ട് വിനിയോഗിച്ചുവെന്ന് യുപി മുഖ്യമന്ത്രി അവകാശപ്പെട്ടു. ‘മുമ്പ് സംസ്ഥാനത്തിന്റെ പൊതു പണം ഖബറിസ്ഥാനുകളുടെ ഭൂമിക്കായി ചെലവഴിച്ചിരുന്നു. ഇന്ന് ക്ഷേത്രങ്ങളുടെ നവീകരണത്തിനും മുഖം മിനുക്കലിനും പണം ചെലവഴിക്കുന്നു.’ എന്നായിരുന്നു യോഗിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഉത്തര്‍പ്രദേശില്‍ സമുദായ വോട്ടുകള്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം എന്നാണ് വിലയിരുത്തല്‍. 661 കോടി രൂപയുടെ 50 പദ്ധതികളും യുപി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം നടന്നുവരികയാണ്.
ഇതിനൊപ്പം ഉത്തര്‍പ്രദേശിലെ 500 ക്ഷേത്രങ്ങളുടെയും മറ്റ് ആരാധനാലയങ്ങളുടെയും മുഖം മിനുക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതില്‍ 300ലധികം പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയായതായും ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവൃത്തി അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.