ന്യൂഡൽഹി: ദീപാവലി സമ്മാനമായി കേന്ദ്രസർക്കാർ ഇന്ധന വിലയിൽ കുറവുവരുത്തിയതോടെ നേരിയ ആശ്വാസത്തോടെ നടുവൊടിഞ്ഞ ജനത. കുതിച്ചുയരുന്ന ഇന്ധനവിലയ്ക്കിടെ അൽപ്പം ആശ്വാസം പകർന്ന് കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇന്നലെയായിരുന്നു പ്രഖ്യാപനം. ഇന്ന് അർധരാത്രിമുതൽ കുറച്ച ഇന്ധനവില പ്രാബല്യത്തിൽ വന്നു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കും നികുതി കുറച്ചു
എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ സംസ്ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞു. കേരളത്തില്‍ പെട്രോളിന് ആകെ 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്. വില കുറഞ്ഞതിനുശേഷം സംസ്ഥാനനികുതി പെട്രോളിന് 21.5 രൂപയും ഡീസലിന് 17 രൂപയുമായിരിക്കും.
തിരുവനന്തപുരത്ത് പെട്രോള്‍ വില 105.86 രൂപയായി കുറഞ്ഞു. ഡീസലിന് 93 രൂപ 52 പൈസാണ് പുതിയ വില. കൊച്ചിയില്‍ പെട്രോളിന് 103.70 രൂപയും ഡീസലിന് 91.49 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഇത് യഥാക്രമം പെട്രോളിന് 103.97 ഉം ഡീസലിന് 92.57 രൂപയുമാണ് ഇന്നത്തെ വില.
ഇന്ധന വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ദീപാവലിയുടെ തലേ ദിവസം അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നതിന് പെട്രോളിന്റേയും ഡീസലിന്റേയും വാറ്റ് ആനുപാതികമായി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ധനമന്ത്രാലയം അഭ്യർത്ഥിച്ചിട്ടുമുണ്ട്.
രാജ്യത്ത് ഊർജ ക്ഷാമം ഉണ്ടാകാതിരിക്കാനും പെട്രോളിന്റേയും ഡീസലിന്റേയും ആവശ്യകത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തിയിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
ഡീസലിനും പെട്രോളിനും എക്സൈസ് തീരുവ ഗണ്യമായി കുറയ്ക്കാനും സർക്കാർ തീരുമാനിച്ചു. ഈ കുറവ് ഉപഭോഗം വർധിപ്പിക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും ഇത് സഹായകമാകും.
Discussion about this post