പട്ന: ഫീസിന് പകരം പശുക്കളെ സ്വീകരിച്ച് പ്രശസ്തിയാര്‍ജിച്ച കോളേജ് അടച്ചുപൂട്ടി. ബിഹാറിലെ ബുക്സര്‍ ജില്ലയിലെ ഒരു പ്രൈവറ്റ് എന്‍ജിനിയറിങ് കോളേജിലാണ് വ്യത്യസ്തമായ രീതിയില്‍ ഫീസ് ഈടാക്കുന്നത്. നാല് വര്‍ഷത്തെ ബിടെക് കോഴ്സിന് അവര്‍ ആവശ്യപ്പെടുന്നത് അഞ്ച് പശുക്കളെയാണ്.
എന്നാല്‍ ഇപ്പോള്‍ ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ സ്ഥാപനം സീല്‍ ചെയ്തിരിക്കുകയാണ്. 5.9 കോടി രൂപ തിരിച്ചടയ്ക്കുന്നതിലാണ് വീഴ്ച വന്നത്. കോളേജ് അടച്ചുപൂട്ടിയ നടപടി മൂന്നൂറോളം വിദ്യാര്‍ഥികളുടെ ഭാവിയും അവതാളത്തിലാക്കി.
2010ലാണ് ബുക്സര്‍ ജില്ലയിലെ ഏരിയണ്‍ ഗ്രാമത്തില്‍ വിദ്യാധന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (വിഐടിഎം) സ്ഥാപിതമായത്. മുന്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞരായ എസ്കെ സിങ്, അരുണ്‍ കുമാര്‍ വര്‍മ്മ എന്നിവരുള്‍പ്പെട്ട വിരമിച്ച ഉദ്യോഗസ്ഥരും ഒരു കൂട്ടം പ്രൊഫഷണലുകളുമാണ് സ്ഥാപനം തുടങ്ങിയത്. ബാംഗ്ലൂര്‍ സ്വദേശിയായ ഡോക്ടര്‍ മയൂരി ശ്രീവാസ്തവ, സാമൂഹിക പ്രവര്ത്തകന് ലാല്‍ ദിയോ സിംഗ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പ്രദീപ് ഗാര്‍ഗ് എന്നിവരും കൂട്ടത്തില്‍പ്പെടുന്നു.
2010ലാണ് കോളേജിന് 4.65 കോടിയുടെ ലോണ്‍ ലഭിച്ചതെന്ന് പ്രൊമോട്ടര്‍ എസ്കെ സിങ് പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായാണ് ലോണ്‍ എടുത്തത്. പിന്നീട് 2011ല്‍ 10 കോടി രൂപ വീണ്ടും ലോണ്‍ ആയി അനുവദിക്കപ്പെട്ടെങ്കിലും ആ തുക കോളേജിന് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ലോണ്‍ 2013 വരെ അടച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാങ്ക് മാനേജര്‍ ഇക്കാര്യം നിഷേധിച്ചു. അധിക വായ്പ വിതരണം ചെയ്തിരുന്നുവെന്നാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബക്സര്‍ ബ്രാഞ്ചിന്റെ മാനേജരായി അടുത്തിടെ വിരമിച്ച രവീന്ദ്ര പ്രസാദ് പറഞ്ഞത്. ലോണ്‍ റിക്കവറിയുടെ ഭാഗമായാണ് കോളേജ് സീല്‍ ചെയ്തതെന്ന് നിലവിലെ ബാങ്ക് സോണല്‍ മാനേജര്‍ രാജേന്ദ്ര സിങ് വ്യക്തമാക്കി.
പട്നയിലെ ആര്യഭട്ട ജ്ഞാന്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജാണ് വിഐടിഎം എഞ്ചിനീയറിങ് കോളേജ്. 72,000 രൂപ വാര്‍ഷിക ഫീസ് നല്കാന് കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആദ്യ വര്‍ഷം രണ്ട് പശുക്കളെയും തുടര്‍ന്നുള്ള മൂന്ന് അധ്യയന വര്‍ഷങ്ങളില്‍ ഒന്ന് വീതവും നല്കി പ്രവേശനം നേടാമെന്നായിരുന്നു പ്രഖ്യാപനം. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈ പ്രഖ്യാപനം ഗുണം ചെയ്തിട്ടുമുണ്ട്.
Discussion about this post