മേഘാലയ: പത്തു ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു, പത്തിലധികം ജീവനുകള്‍ മരണത്തെ മുഖാമുഖം കണ്ട് മേഘാലയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ടിരിക്കുന്നത്. മേഘാലയയിലെ ഈസ്റ്റ് ജയ്ന്തിയ ഹില്‍സ് ജില്ലയിലെ ‘എലിമട’ എന്ന അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളുടെ കുടുംബങ്ങള്‍ തങ്ങളുടെ ഉറ്റവര്‍ ജീവനോടെ പുറത്തുവരുന്നതും കാത്തിരിപ്പിലാണ്.
അതേസമയം, തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് ദേശീയ ദുരന്ത നിവാരണ സേന പറയുന്നു. എന്നാല്‍ ആറുമാസങ്ങള്‍ക്ക് മുമ്പ് താന്‍ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട ഫുട്ബോള്‍ ടീമിലെ 12 കുട്ടികളെയും പരിശീലകനെയും ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ സുരക്ഷിതരായി പുറത്തെത്തിച്ചത് നമ്മള് വിസ്മരിച്ചുകൂടാ.
ജൂണ്‍ 23ന് ആണ് തായ്ലന്ഡിലെ പര്‍വതഗുഹയില്‍ 12 കുട്ടികളും പരിശീലകനും പെട്ടത്. രാജ്യത്തിന്റെ ഊര്‍ജ്ജിത താല്പര്യങ്ങളും ശ്രമവും മൂലം പത്തുദിവസത്തിനുശേഷം ഒരാളെപ്പോലും പരുക്കില്ലാതെ പുറത്തെത്തിച്ചു.ലോകം മുഴുവന്‍ പ്രാര്‍ത്ഥനയും സഹായവും അവര്‍ ഇതിനായി നേടിയെടുത്തു. ഒരു മുങ്ങല്വിദഗ്ധന് ജീവന് ബലി നല്‍കിയെങ്കിലും ഭരണകൂടം ഒരു നിമിഷംപോലും എവിടെയും വൈകിയില്ല.
ഇവിടെ മേഘാലയയിലെ 13 പാവപ്പെട്ട തൊഴിലാളികള്‍ പണിക്കുപോയത് നിയമവിരുദ്ധ ഖനിയിലാണെന്നും 2014ല്‍ തന്നെ ഇവിടെ ഖനന നിരോധനമുണ്ടെന്നും പറഞ്ഞ് ജാമ്യമെടുക്കുകയാണ് അധികൃതര്‍. അനധികൃത ഖനിയായതിനാല്‍ മുങ്ങല്‍ വിദഗ്ധരെ സഹായിക്കാനായുള്ള മാപ്പില്ലാത്തത് തിരിച്ചടിയായെന്നും പറയുന്നു.
ഡിസംബര്‍ 13ന് അപകടം റിപ്പോര്‍ട്ട് ചെയ്തു 14ന് ആണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്നുകാണാം. പോലീസ്, എന്‍ഡിആര്‍എഫ്,എസ്ഡിആര്‍എഫ് സേനകള്‍ ഉള്‍പ്പെടെ നൂറോളം പേരുടെ ശ്രമം തുടരുന്നതായാണ് അവസാന റിപ്പോര്‍ട്ട്.
ദുര്‍ഘട പ്രദേശത്തേക്കു വലിയ പമ്പുകളെത്തിക്കുന്നത് എളുപ്പമല്ലെന്നാണ് ഒരു ന്യായം. എന്നാല്‍, സൈനിക, അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് ഇത് അസാധ്യമായിരുന്നില്ല. അനധികൃത ഖനികളില്‍ നിയമവിരുദ്ധമായി ജോലി ചെയ്ത പാവപ്പെട്ട തൊഴിലാളികള്‍ക്കു വേണ്ടി ശക്തമയി വാദിക്കാന്‍ ആളില്ലാതെ പോയതോടെ രക്ഷാപ്രവര്‍ത്തനം പേരിനു മാത്രമായി.
ഖനിയിലേക്കു സമീപത്തെ നദിയില്‍ നിന്നോ നദിയുമായി ബന്ധപ്പെട്ട ഭൂഗര്‍ഭ ജലാശയത്തില്‍ നിന്നോ ജലമെത്തുന്നുണ്ട്. മഴയില്ലാതിരുന്നിട്ടും ഖനിയിലെ ജലനിരപ്പു മൂന്നിഞ്ചു മാത്രമാണു കുറഞ്ഞതെന്ന് ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) അറിയിച്ചു.
അതേസമയം തായ്ലന്ഡിലെ കാര്യമോര്‍ക്കണം. അവിടെ പ്രവര്‍ത്തിച്ചത്. പതിനായിരം പേരാണ്. ഇതില്‍ നൂറു ഡൈവര്‍മാര്‍, നൂറു സര്‍ക്കാര്‍ ഏജന്‍സി ഉദ്യോഗസ്ഥര്‍, 900 പോലീസുകാര്‍, 2000 സൈനികര്‍, പത്ത് ഹെലികോപ്ടറുകള്‍, ഏഴ് പോലീസ് ആംബുലന്‍സുകള്‍, 700 ഡൈവിംങ് സിലിന്‍ഡറുകള്‍ എന്നിങ്ങനെ ദൗത്യത്തില്‍ പങ്കെടുത്തു.
പുറത്തെത്തിച്ച കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാക്കുന്നതിന് അവര്‍ സ്വീകരിച്ച നടപടികളും ലോകത്തിന്റെ പ്രശംസ െേറ്റ നമ്മള് കണ്ടതാണ്. മലയിലെ ഗുഹയില്‍നിന്നും വെളളം പമ്പുചെയ്ത് പുറത്തുകളയാന്‍ നാട്ടുകര്ഷകരുടെ കൂറ്റന്‍ പമ്പുകളാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്.
ലോകം മുഴുവന്‍ സൗഹൃദം, ബഹിരാകാശത്തുവരെ മേധാവിത്വം, പട്ടിണിക്കാരന് യാത്രക്ക് ബുള്ളറ്റ് ട്രയിന്‍ ഒക്കെ സ്വന്തമെന്നഭിമാനിക്കുന്ന ഇവിടെ 14 പാവപ്പെട്ട തൊഴിലാളികളുടെ തിരച്ചില്‍ അവരുടെ ജീവനായുള്ള പ്രാര്‍ത്ഥനയോടെയല്ല ശരീരത്തിനായുള്ള ജിജ്ഞാസയോടെയാണ് നടക്കുന്നതെന്ന് പറയാതിരിക്കാനാവില്ല.
ഇതിനിടെ, സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗത്തിലെ വിദഗ്ധര്‍ സ്ഥലത്തെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി. നിലവിലുള്ള രണ്ടു പമ്പുകള്‍ കൊണ്ടു ജലം വറ്റിക്കാനാവില്ലെന്ന് അവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. 100 കുതിരശക്തിയുള്ള 10 പമ്പുകള്‍ ഒരേസമയം ഉപയോഗിച്ചു വെള്ളം വറ്റിക്കുകയെന്നാണു വിദഗ്ധ ശുപാര്‍ശ. എന്നാല്‍, ഇതിന് ഇനിയും നടപടിയായിട്ടില്ല.
Discussion about this post