മരം കടപുഴകി വീണു, ജോലിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: മരം കടപുഴകി വീണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലാണ് സംഭവം. മുത്തിയാല്‍പ്പെട്ട് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കവിതയാണ്(47) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ സെക്രട്ടറിയേറ്റ് പരിസരത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

മരം വീണ് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ മുരുകന്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ അഗ്‌നിരക്ഷാ സേനാംഗം സെന്തില്‍കുമാര്‍(51) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലാം ഗേറ്റില്‍ വാഹനങ്ങളുടെ നിയന്ത്രിക്കുന്ന ചുമതലയായിരുന്നു കവിതയും മുരുകനും ജോലി ചെയ്തുവരികയായിരുന്നു.

അതിനിടെയാണ് മരം വീണത്. മരത്തിനടിയില്‍പ്പെട്ട കവിത സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പരിക്കേറ്റ മുരുകന് രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു ദിവസത്തെ ശക്തമായ മഴയെത്തുടര്‍ന്നാണ് മരത്തിന്റെ വേരറ്റെന്ന് പൊലീസ് പറയുന്നു.

ചീഫ് സെക്രട്ടറി വി ഇറൈ അന്പ്, ഡിജിപി സി ശൈലേന്ദ്രബാബു തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര് സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. കവിതയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 2005ലാണ് കവിത പൊലീസ് സേനയില്‍ ചേര്‍ന്നത്. മൂന്നു മക്കളുണ്ട്.

Exit mobile version