ന്യൂഡല്‍ഹി: മലയാളി ഹോക്കി താരം പിആര്‍ ശ്രീജേഷിന് ഖേല്‍രത്ന പുരസ്‌കാരം.
ശ്രീജേഷ് അടക്കം 12 താരങ്ങള്‍ക്കാണ് പരമോന്നത കായിക പുരസ്‌കാരം ലഭിച്ചത്. ഈ മാസം 13ന് ഡല്‍ഹിയില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ടോക്യോ ഒളിമ്പിക്സ് സ്വര്‍ണ മെഡല്‍ നേതാവ് നീരജ് ചോപ്ര, രവികുമാര്‍ ദഹിയ, ലോവ്ലിന ബൊറോഗെയിന്‍, മന്‍പ്രീത് സിംഗ്, മിഥാലി രാജ് എന്നിവരുള്‍പ്പെടെ 12 താരങ്ങള്‍ക്കാണ് ഇത്തവണ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍രത്ന.
സുനില്‍ ഛേത്രിയിലൂടെ ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായാണ് ഒരു ഫുട്ബോള്‍ താരത്തിന് ഖേല്‍രത്ന പുരസ്‌കാരം ലഭിക്കുന്നത്. ക്രിക്കറ്റിലെ സമഗ്ര സംഭാവനയ്ക്കാണ് മിഥാലി രാജിന് ഖേല്‍രത്ന.
ടോക്യോ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ അവനി ലേഖര, മനീഷ് നല്‍വാള്‍, കൃഷ്ണനാഗര്‍, പ്രമോദ് ഭാഗത്, സുമിത് ആന്റ്ലിന്‍ എന്നിവരും ഖേല്‍രത്ന പുരസ്‌കാരത്തിന് അര്‍ഹരായി.
ഖേല്‍രത്ന ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പിആര്‍ ശ്രീജേഷ്. നേരത്തെ അഞ്ജു ബോബി ജോര്‍ജിനും ബീന മോള്‍ക്കും ഖേല്‍രത്ന ലഭിച്ചിരുന്നു.