ബുര്‍ഖ ധരിച്ചില്ല, മോശം സ്ത്രീയെന്നാരോപിച്ച് ജീന്‍സ് ധരിച്ചെത്തിയ യുവതിയെ പുറത്താക്കി കടയുടമ

ഗുഹാവത്തി: ജീന്‍സ് ധരിച്ച് കടയില്‍ പ്രവേശിച്ചതിന് യുവതിയെ പുറത്താക്കിയതായി പരാതി. യുവതി ജീന്‍സ് ധരിച്ചതും ബുര്‍ഖ ധരിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കടക്കാരന്‍ പുറത്താക്കിയത്.

അസമിലെ ബിസ്വനാഥ് ജില്ലയിലാണ് സംഭവം. തന്നെ അവഹേളിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്തു എന്ന് പെണ്‍കുട്ടി ആരോപിച്ചു.

ഇയര്‍ഫോണ്‍ വാങ്ങാനായി മൊബൈല്‍ ഫോണ്‍ കടയില്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ജീന്‍സ് ധരിച്ചെത്തിയ പെണ്‍കുട്ടിയെ കടയില്‍ കയറാന്‍ ഉടമയായ നൂറുല്‍ അമീന്‍ സമ്മതിച്ചില്ല. ബുര്‍ഖ ധരിക്കാതിരുന്നതിന്റെ പേരില്‍ യുവതിയെ കടയില്‍ നിന്ന് തള്ളി പുറത്താക്കി.

താന്‍ മോശം സ്ത്രീയാണെന്ന് പറഞ്ഞു. ബുര്‍ഖയോ ഹിജാബോ ധരിക്കുന്നത് മോശമാണെന്ന് പറയില്ല. എന്നാല്‍ അയാള്‍ക്ക് തന്റെ വസ്ത്രധാരണത്തില്‍ ഇടപെടാന്‍ അവകാശമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.

തന്റെ വീട്ടിലെ സ്ത്രീകളെല്ലാം ബുര്‍ഖ ധരിക്കാറുണ്ടെന്നും അത്തരക്കാര്‍ മാത്രം കടയില്‍ പ്രവേശിച്ചാല്‍ മതിയെന്നും കടയുടമ പറഞ്ഞുവെന്നും യുവതി ആരോപിച്ചു. സംഭവം ചോദിക്കാനെത്തിയ അച്ഛനെ കടയുടമയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായും പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

പെണ്‍കുട്ടികളോട് ബുര്‍ഖയും ഹിജാബുമൊക്കെ ധരിക്കാന്‍ നിര്‍ബന്ധിച്ച് അസമില്‍ താലിബാന്‍ രീതി കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. സംഭവത്തില്‍ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version