മുംബൈ: ആര്യൻ ഖാന് ജാമ്യം നൽകിയ സമയത്ത് മീഡിയകളിൽ താരമായ മോഷ്ടാവ് വീണ്ടും അറസ്റ്റിൽ. ആര്യൻ ഖാനോടൊപ്പം സെല്ലിൽ കഴിഞ്ഞ മോഷ്ടാവാണ് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തി കോടതിപരിസരത്ത് താരമായിരുന്നത്. 44-കാരനായ ശ്രാവൺ നാടാർ എന്നയാൾ ആര്യനോടൊപ്പെ സെല്ലിലുണ്ടായിരുന്നെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ആര്യൻ ഖാന്റെ ജയിൽ ജീവിതത്തെക്കുറിച്ച് എക്‌സ്‌ക്ലുസീവ് വിവരങ്ങളുമായി ചാനലുകളിൽ നിറഞ്ഞ ഇയാളെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ ശ്രാവൺ നാടാർ മോഷണക്കേസിൽ അറസ്റ്റിലായാണ് ആർതർ റോഡ് ജയിലിലെത്തിയത്. ആര്യൻ ഖാൻ ഉൾപ്പെടെ മയക്കുമരുന്ന് കേസിലെ പ്രതികളെയും ഇതേ ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്.
ആര്യനെ പാർപ്പിച്ചിരുന്ന കഴിഞ്ഞ ഒന്നാംനമ്പർ ബാരക്കിലാണ് ശ്രാവൺ നാടാറും ഉണ്ടായിരുന്നത്. പിന്നീട് 10 ദിവസത്തിനുശേഷം നാടാർ ജാമ്യംകിട്ടി പുറത്തിറങ്ങി. ഈ സമയത്ത് ആര്യൻ പുറത്തെത്തിയിരുന്നില്ല. ആര്യൻ ഖാന് കോടതി ജാമ്യംനൽകി കോടതി വിധി പുറപ്പെടുവിച്ചതിനിടെയാണ് കോടതി പരിസരത്തെത്തിയ നാടാർ താൻ ആര്യനോടൊപ്പം ജയിലിലുണ്ടായിരുന്നെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
ഇയാൾ ആര്യനെ കാണാനെത്തിയതാണെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് ശ്രാവൺ നാടാർ വാർത്താതാരമായത്. ജയിലിനകത്ത് ആര്യൻ പൊട്ടിക്കരയുന്നത് കണ്ടിട്ടുണ്ടെന്നും ഇയാൾപറഞ്ഞു. ജയിലിൽവെച്ച് ആര്യന്റെ മുടി വെട്ടിയിട്ടുണ്ട്. പുറത്തിറങ്ങിയാൽ പോയി പിതാവായ ഷാരൂഖ് ഖാനെ കാണണമെന്നും ജയിലിനകത്തേക്ക് പണം കൊടുത്തയക്കണമെന്നും ആര്യൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇയാൾ പറഞ്ഞു.
ഇതുപ്രകാരം താൻ ആര്യന്റെ വീടായ മന്നത്തിൽ പോയി ആര്യൻ പറഞ്ഞകാര്യം അറിയിച്ചെങ്കിലും സെക്യൂരിറ്റി ജീവനക്കാർ തന്നെ അകത്തുകടത്തിയില്ലെന്നും ഇയാൾ പറഞ്ഞു.
അതേസമയം, ഇയാളുടെ പക്കൽ പണം നൽകാൻ ആര്യൻ പറഞ്ഞേൽപ്പിച്ചുവെന്നത് വിശ്വസനീയമല്ലെന്നും പണം തട്ടാനുള്ള നീക്കമാണെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു. മോഷണവും പിടിച്ചുപറിയും ഉൾപ്പെടെ 13 കേസുകൾ നാടാർക്കെതിരെയുണ്ടായിരുന്നു. ഇതിലൊരു കേസിലാണ് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത്.
ജുഹു പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ മൂന്ന് മോഷണ കേസുകൾ ഉണ്ട്. എട്ട് മാസമായി ജുഹു പോലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഈ സമയത്താണ് അഭിമുഖങ്ങളുമായി ഇയാൾ ചാനലുകളിൽ നിറഞ്ഞത്. ഇതോടെ വീണ്ടും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
Discussion about this post