മംഗളൂരു : രണ്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഉപ്പുവെള്ളം നിറഞ്ഞ ടാങ്കില്‍ തള്ളി. കര്‍ണാടകയിലെ മംഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കുട്ടിയെ ടാങ്കില്‍ നിന്നും കണ്ടെത്തിയത്. മാതാപിതാക്കള്‍ ജോലിക്കു പോയ സമയം കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം മുതലെടുത്താണ് കുട്ടിയെ മൃഗീയമായി ഉപദ്രവിച്ചത്.
സംഭവത്തില്‍ ബീഹാര്‍ സ്വദേശിയാണ് പ്രതിയെന്ന് അന്വേഷത്തില്‍ കണ്ടെത്തി. 38 കാരനായ ഇയാള്‍ ക്രൂരകൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉണക്കമീന്‍ ഉണ്ടാക്കുന്ന ജോലിയാണ്. അതിനായി ഉപ്പുവെള്ളം ശേഖരിച്ച ടാങ്കിലാണ് ഇയാള്‍ കുഞ്ഞിനെ തള്ളിയത്. ഞായറാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാപിതാക്കള്‍ രണ്ട് വയസുകാരിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു.
അന്വേഷണത്തിനൊടുവില്‍ ടാങ്കില്‍ നിന്നും അബോധാവസ്ഥയിലായ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു, തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചത്. കുട്ടിയുമായി ബീഹാര്‍ സ്വദേശി ചന്ദനെ കണ്ടതായി പലരും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചികിത്സയിലായിരിക്കുന്ന കുട്ടി ഇപ്പോള്‍ അപകട നില തരണം ചെയ്തു.
Discussion about this post