ഗ്ലാസ്ഗോ : 2070ഓടെ ഇന്ത്യ കാര്‍ബണ്‍ പുറന്തള്ളല്‍ നെറ്റ് സീറോ(പുറന്തള്ളലും അന്തരീക്ഷത്തില്‍ നിന്നുള്ള ഒഴിവാക്കലും സമമാക്കല്‍) ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗ്ലാസ്ഗോയില്‍ നടക്കുന്ന 26ാമത് ആഗോള കാലാവസ്ഥ ഉച്ചകോടിയിലാണ് സുപ്രധാന പ്രഖ്യാപനം.
ആദ്യമായാണ് കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായി അവസാനിപ്പിക്കുന്നതിന്, അഥവാ എമിഷന്‍ നിരക്ക് നെറ്റ് സീറോയില്‍ എത്തുന്നതിന് ഇന്ത്യ സമയക്രമം പ്രഖ്യാപിക്കുന്നത്. ഇതിനായി ആവിഷ്കരിച്ച പദ്ധതികളെപ്പറ്റിയും മോഡി വിശദീകരിച്ചു. 2030നകം ഇന്ത്യയില്‍ 50 ശതമാനം പുനരുപയോഗ ഊര്‍ജം ആക്കുകയാണ് ലക്ഷ്യം.
“കാലാവസ്ഥാ വ്യതിയാനം ഇന്ത്യയെ സാരമായി ബാധിച്ചു. കൃഷിരീതികളിലും അതിനനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നത്. കാലാവസ്ഥയുമായി ഇണങ്ങി ജീവിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. ഇതിന് പകരം കാര്‍ബണ്‍ പുറന്തള്ളല്‍ അതിവേഗം കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത് വികസ്വര രാജ്യങ്ങളോട് കാണിക്കുന്ന അനീതിയാണ്.” മോഡി പറഞ്ഞു.
കാര്‍ബണ്‍ ബഹിര്‍ഗമനത്തിനായി ചൈന പ്രഖ്യാപിച്ചതിനേക്കാള്‍ പത്ത് വര്‍ഷം അധിക സമയമാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും 2050ഓടെ ലക്ഷ്യലെത്തുമെന്നാണ് പ്രഖ്യാപനം.
Discussion about this post