ഭോപ്പാല്‍: ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ ‘ശുദ്ധീകരണ’ ചടങ്ങിന് വിധേയയാക്കി കുടുംബം. മധ്യപ്രദേശില്‍ ബൈതൂള്‍ ജില്ലയിലാണ് വ്യത്യസ്തമായ സംഭവം. 24 കാരിയായ നഴ്സിങ് വിദ്യാര്‍ഥിയാണ് കുടുംബത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ദളിത് യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയുടെ മുടി മുറിക്കുകയും നര്‍മദ നദിയില്‍ മുങ്ങി സ്വയം ശുദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നോക്ക ജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിനാലാണ് കുടുംബം ഈ ആചാരത്തിന് നിര്‍ബന്ധിച്ചതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു.
ദമ്പതികള്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ചടങ്ങിനു പിന്നാലെ അതേ സമുദായത്തില്‍ നിന്നുള്ള ഒരാളെ വിവാഹം കഴിക്കാന്‍ കുടുംബം നിര്‍ബന്ധിക്കുന്നതായും യുവതി പറയുന്നു. ദമ്പതികളുട പരാതിയുടെ അടിസ്ഥാനത്തില്‍ കുടുംബാംഗങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഒബിസി വിഭാഗത്തില്‍ പെട്ട യുവതി ഇരുപത്തിയേഴുകാരനായ യുവാവിനെ 2020 മാര്‍ച്ച് പതിനൊന്നിനാണ് രഹസ്യ വിവാഹം ചെയ്തത്. ഡിസംബര്‍ മുതല്‍ ഇരുവരും ഒന്നിച്ചു നില്ക്കാന് തുടങ്ങിയതോടെയാണ് വിവാഹ രഹസ്യം വീട്ടുകാര്‍ അറിയുന്നത്. ഇതോടെ യുവതിയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന് ചോപ്ന പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് യുവതിയെ കണ്ടെത്തി മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.
ബേതുലിലെ നഴ്സിങ് കോളേജില്‍ പഠിക്കുന്ന യുവതി മാര്‍ച്ചില്‍ ഹോസ്റ്റലിലേക്ക് തിരികെ പോയി. തുടര്‍ന്ന് മാസങ്ങള്‍ക്കിപ്പുറം ഓഗസ്റ്റിലാണ് കുടുംബം യുവതിയെ നര്‍മദ നദിയിലെത്തി ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിച്ചത്. ഇരുവരെയും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നും വിവാഹമോചിതരാകണമെന്നും യുവതിയുടെ കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ഇരുവരും വെളിപ്പെടുത്തി.
Discussion about this post