ചെന്നൈ: കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. മികച്ച നടനിലുപരി മികച്ച മനുഷ്യസ്‌നേഹി കൂടിയായിരുന്നു പുനീത്.
പിതാവ് രാജ്കുമാര്‍ തുടങ്ങിവച്ച സേവനപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ 45 സൗജന്യ സ്‌കൂളുകള്‍, 26 അനാഥാലയങ്ങള്‍, 19 ഗോശാലകള്‍, 16 വൃദ്ധസദനങ്ങള്‍ തുടങ്ങിയവും പുനീത് നടത്തുന്നുണ്ടായിരുന്നു. ഇതുകൂടാതെ 1800 വിദ്യാര്‍ഥികളുടെ പഠനച്ചെലവ് നടത്തിയിരുന്നതും പുനീത് ആയിരുന്നു. പുനീതിന്റെ വിയോഗത്തോടെ അനാഥരായിരിക്കുകയാണ് അദ്ദേഹത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നവരെല്ലാം.
ഇപ്പോള്‍ 1800 വിദ്യാര്‍ഥികളുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണ് തമിഴ് നടന്‍ വിശാല്‍. വിശാലും ആര്യയും ഒന്നിക്കുന്ന എനിമി എന്ന ചിത്രത്തിന്റെ ഹൈദരാബാദില്‍ വച്ചുനടന്ന പ്രീ-റിലീസിനിടെയായിരുന്നു വിശാല്‍ ഇക്കാര്യം അറിയിച്ചത്.
”പുനീത് രാജ്കുമാര്‍ ഒരു നല്ല നടന്‍ മാത്രമല്ല, നല്ല സുഹൃത്ത് കൂടിയാണ്. അദ്ദേഹത്തെ പോലെ ഒരു ഡൗണ്‍ ടു എര്‍ത്ത് സൂപ്പര്‍ സ്റ്റാറിനെ ഞാന്‍ കണ്ടിട്ടില്ല. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളും നടത്തി. അടുത്ത വര്‍ഷം മുതല്‍ പുനീത് രാജ്കുമാറില്‍ നിന്ന് സൗജന്യ വിദ്യാഭ്യാസം നേടുന്ന 1800 വിദ്യാര്‍ഥികളെ ഏറ്റെടുക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു” വിശാല്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹൃദയാഘാതം മൂലം പുനീതിന്റെ മരണം സംഭവിക്കുന്നത്. ജെയിംസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാനിരിക്കെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയിലെത്തി രണ്ടു മണിക്കൂറിന് ശേഷം മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
Discussion about this post